ad
Deshabhimani

നഗരം വരണ്ടു 
അനങ്ങാതെ കോർപറേഷൻ

corporation

വീട്ടിലേക്ക് വെള്ളവുമായി എത്തുന്ന 65കാരൻ ഹരിയും 100 വയസ്സുള്ള അമ്മ തങ്കമ്മയും ഫോട്ടോ: നിലിയ വേണു​ഗോപാൽ

avatar
ബിമൽ പേരയം

Published on Apr 19, 2026, 11:17 PM | 2 min read

തിരുവനന്തപുരം

കാഴ്‌ചയേറെയും മങ്ങിയ അറുപത്തഞ്ചുകാരൻ ഹരി ഇ‍ൗ കൊടുംചൂടിൽ കിലോമീറ്റർ താണ്ടി തലച്ചുമടായാണ്‌ കുടിവെള്ളമെത്തിക്കുന്നത്‌. 100 പിന്നിട്ട അമ്മ തങ്കമ്മ മാത്രമേ വീട്ടിലുള്ളൂ. കസേരയിലിരുത്താൻവരെ സഹായം വേണം. കുടിവെള്ളമെത്തിയിട്ട്‌ നാലുദിവസം കഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ പെൻഷൻമാത്രം ആശ്രയമായവർക്ക്‌ വൻവിലയ്ക്ക്‌ കുപ്പിവെള്ളം വാങ്ങാനാകില്ല. ഗത്യന്തരമില്ലാതെയാണ്‌ അകലെനിന്ന്‌ വെള്ളമെത്തിക്കുന്നത്‌. രണ്ടുമാസമായി ആറ്റുകാൽ വാർഡിലെ പുത്തൻകോട്ട വട്ടവിളയിലെ സ്ഥിതിയിതാണ്‌. പ്രദേശവാസികൾ പരാതി പറഞ്ഞെങ്കിലും സമൂഹമാധ്യമങ്ങളിൽ റീൽസിട്ട്‌ ആഘോഷിക്കുന്നതിൽ വ്യാപൃതയായ ക‍ൗൺസിലർ എസ്‌ എസ്‌ ശ്രുതി തിരിഞ്ഞുനോക്കുന്നില്ല. 90 വീടുള്ള പ്രദേശത്ത്‌ ആഴ്‌ചയിൽ ഒന്നോ രണ്ടോ വട്ടം രാത്രിയിലെപ്പോഴെങ്കിലും കോർപറേഷന്റെ ടാങ്കറെത്തും. പലയിടത്തും വെള്ളം നൽകി വാഹനം വട്ടവിളയിലെത്തുന്പോൾ ടാങ്ക്‌ കാലിയാകും. അഞ്ച്‌ വീട്ടിൽ കുഴൽക്കിണറുണ്ട്‌. ഒരുമാസം മുന്പുവരെ ഇവിടെനിന്ന്‌ പലരും കുടങ്ങളിൽ വെള്ളമെടുത്തിരുന്നു. വയോധികരും രോഗികളുമടക്കമുള്ളവർക്ക്‌ ഗുളിക കഴിക്കാൻപോലും വെള്ളമില്ലാത്ത സ്ഥിതിയാണ്‌. പൂവ്‌ കെട്ടിയും ഹാരം തീർത്തും കടക്കാർക്ക്‌ നൽകിയും കൂലിവേലയെടുത്തും ജീവിക്കുന്ന സാധാരണക്കാർക്ക്‌ സ്വന്തം നിലയിൽ ടാങ്കർവെള്ളം എത്തിക്കാനാകില്ല. മുൻ വർഷങ്ങളിൽ ക‍ൗൺസിലർ ഇടപെട്ട്‌ ക്ഷാമകാലത്ത്‌ വെള്ളമെത്തിച്ചിരുന്നെന്ന്‌ പാടശേരി സ്വദേശി രജനി പറഞ്ഞു. ഇങ്ങനെ ബുദ്ധിമുട്ടനുഭവിച്ചൊരുകാലം മുന്പുണ്ടായിട്ടില്ലെന്ന്‌ എൺപതുകാരി ജഗദമ്മ. തൊട്ടടുത്ത പ്രദേശമായ തിട്ടക്കുഴിയിലും സമാനമാണ്‌ കുടിവെള്ളപ്രശ്‌നം. ഇവിടെ നൂറു വീട്ടിലായി നാനൂറോളംപേർ താമസിക്കുന്നു. കോർപറേഷനിൽ ബിജെപി ഭരണസമിതി അധികാരത്തിലേറിയിട്ട്‌ തിങ്കളാഴ്‌ച നാലുമാസം പൂർത്തിയാകും. നഗരവികസനത്തിന്റെ ബ്ലൂപ്രിന്റിനെക്കുറിച്ചും ഇൻഡോർ കുടിവെള്ള പ്രഖ്യാപനത്തെക്കുറിച്ചും ചോദിക്കുന്പോൾ മേയറും കൈമലർത്തുന്നു.


മത്സ്യ മാർക്കറ്റിലും 
കുടിവെള്ളമില്ല

തിരുവനന്തപുരം

തലസ്ഥാനത്തെ പ്രധാന മത്സ്യ മാർക്കറ്റുകളിലൊന്നായ പാങ്ങോട് ചന്തയിൽ കുടിവെള്ളമില്ല. സ്ത്രീ തൊഴിലാളികൾ ജലം ശേഖരിക്കുന്നത്‌ കിള്ളിയാറ്റിൽനിന്ന്. പ്രാഥമിക ശുചിത്വ സൗകര്യമില്ലാത്തത് മാർക്കറ്റിൽ സാംക്രമിക രോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ദിവസേന നൂറുകണക്കിന് ആളുകളെത്തുന്ന ഇടത്താണ്‌ കോർപറേഷന്റെ അവഗണന. അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തതിൽ കടുത്ത വിമർശമുണ്ട്‌. ശുദ്ധജലവും ശുചിത്വ സൗകര്യങ്ങളും ഉടൻ ഒരുക്കണമെന്ന്‌ തൊഴിലാളികൾ ആവശ്യപ്പെട്ടു.


ദൂരംതാണ്ടി എങ്ങനെ വെള്ളമെത്തിക്കും

മകളുടെ വീട്ടിലെ കുഴൽക്കിണറിൽനിന്നാണ്‌ വെള്ളമെടുക്കുന്നത്‌. കാൽമുട്ട്‌ വേദനയായതിനാൽ വെള്ളമെത്തിക്കുന്നത്‌ പ്രയാസമാണ്‌. തേരകം ജങ്‌ഷൻവരെ വെള്ളമെത്തുന്നുണ്ടെന്ന്‌ പറയുന്നു. അവിടെനിന്ന്‌ വീടുവരെ എങ്ങനെ എത്തിക്കാനാണ്‌. ഇവരോടൊക്കെ സഹായത്തിനായി പറയാനും പേടിയാണ്‌. ​


ആശ്രയം കുപ്പിവെള്ളം

ദേവീനഗറിലെ ടാങ്കിൽ വല്ലപ്പോഴുമൊക്കെ വെള്ളം നിറഞ്ഞാൽ ഓടിച്ചെന്നെടുക്കാനാകില്ല. കാലൊന്നേയുള്ളൂ. കടക്കാർ എത്തിക്കുന്ന പൂക്കൾ ഹാരമാക്കി നൽകുന്പോൾ ഒന്നിന്‌ 10 രൂപ കിട്ടും. 300 രൂപവരെ നിത്യേന കിട്ടുന്നത്‌ കുപ്പിവെള്ളം വാങ്ങാൻ ചെലവാകും. ഒരു ബക്കറ്റ്‌ വെള്ളം കിട്ടിയിട്ട്‌ ഒരാഴ്‌ചയിലേറെയായി. ദൂരെപ്പോയി വെള്ളമെടുക്കാൻ വീട്ടുകാർക്കും കാലിന്‌ ബുദ്ധിമുട്ടുണ്ട്‌.


പ്രാഥമികാവശ്യത്തിനുപോലും വെള്ളമില്ല

വില കൊടുത്ത്‌ കുപ്പിവെള്ളം വാങ്ങേണ്ടിവരുന്നു. വേറേ വഴിയില്ല. വെള്ളം ചുമന്ന്‌ കൊണ്ടുവരാൻ ആവതില്ല. പ്രാഥമികാവശ്യത്തിനോ കുളിക്കാനോ വെള്ളമില്ല. കുഞ്ഞുങ്ങളൊക്കെ ചൂടിൽ വെന്തുരുകുന്നു. മുന്പൊക്കെ കടുത്ത വേനലിലും ടാങ്കറുകളിൽ വെള്ളമെത്തിച്ചിരുന്നു.


‘നഗരത്തെ ഇരുട്ടിൽ 
നിർത്തരുത്‌’

തിരുവനന്തപുരം

‘നഗരത്തെ ഇരുട്ടിൽ നിർത്തരുത്‌, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം’ – കോർപറേഷൻ ബിജെപി ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ കൂരിരുട്ടിലായ തലസ്ഥാനനഗരി ഒന്നടങ്കം പറയുന്നതിങ്ങനെ. മെഡിക്കൽ കോളേജ്, പാളയം, ചാക്ക, വഞ്ചിയൂർ, സെക്രട്ടറിയറ്റ്‌, നിയമസഭാ പരിസരം തുടങ്ങി നഗരസിരാകേന്ദ്രങ്ങളെല്ലാം ഇരുട്ടിന്റെ പിടിയിലായിട്ട്‌ മാസങ്ങളായി. അറ്റകുറ്റപ്പണികൾക്കായി അനുവദിക്കുന്ന തുക വിനിയോഗിക്കുന്നതിൽ ഭരണസമിതി കാട്ടുന്ന വീഴ്ച ജനങ്ങളെ ദുരിതത്തിലാക്കി. തെരുവുവിളക്കുകൾ കത്താത്തതുമൂലം പ്രധാന പാതകളിലടക്കം കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ദുരിതം നേരിടുന്നു. അറ്റകുറ്റപ്പണികൾക്കായി മാറ്റിവയ്‌ക്കുന്ന ഫണ്ട് എങ്ങോട്ടുപോകുന്നെന്ന ചോദ്യം ശക്തമാകുമ്പോഴും ബിജെപി മൗനം തുടരുകയാണ്. വാഗ്ദാന ലംഘനങ്ങളുടെ പര്യായമായി മാറുന്ന കോർപറേഷൻ നഗരത്തിലെ പ്രധാന ഇടനാഴികളിലെ വെളിച്ചംപോലും ഉറപ്പുവരുത്താതെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന്‌ ബിജെപി പ്രവർത്തകർപോലും പറയുന്നു. ബിജെപിയുടെ പ്രാദേശിക കമ്മിറ്റികളിലും റസിഡന്റ്‌സ്‌ അസോസിയേഷനുകളിലും ചർച്ചയാകുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home