Deshabhimani

എംഎൽഎ ഓഫീസിൽ പരാതികൾ കെട്ടിക്കിടക്കുന്നു

രമ്യ ഹരിദാസിനെതിരെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2026, 01:33 AM | 1 min read

ചിറയിൻകീഴ് ​

രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ പ്രമേയം പാസാക്കി കോൺഗ്രസ്‌ മണ്ഡലം കമ്മറ്റികൾ. കിഴുവിലം, കൂന്തള്ളൂർ മണ്ഡലം കമ്മിറ്റികൾ സംയുക്തമായാണ് പ്രമേയം പാസാക്കിയത്. കിഴുവിലത്തുനിന്ന് പ്രവർത്തകർ ഇടപെട്ട് നൂറിലേറെ അപേക്ഷകൾ എംഎൽഎ ഓഫീസിൽ എത്തിച്ചെങ്കിലും ഒന്നിൽപ്പോലും തീരുമാനം കൈക്കൊള്ളാതെ അവഗണിച്ചതായി മണ്ഡലം കമ്മിറ്റിയിൽ ആക്ഷേപമുയർന്നു. ഡിസിസി സെക്രട്ടറി, മണ്ഡലം പ്രസിഡന്റുമാർ, പഞ്ചായത്ത് പ്രസിഡന്റ്, കോൺഗ്രസ് ബ്ലോക്ക്–പഞ്ചായത്ത്‌ അംഗങ്ങൾ, വാർഡ്–ബൂത്ത് പ്രസിഡന്റുമാർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. മണ്ഡലത്തിലെ പ്രവർത്തകരെ നിരന്തരം അവഗണിക്കുന്നതിലും എംഎൽഎ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു പ്രമേയം. സെപ്തംബർ നാലിന് പാളയം പ്രദീപും എംഎൽഎയും ചേർന്ന് ചിറയിൻകീഴിൽ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സജാദിന്റെ വീടുകയറി ആക്രമിച്ചിരുന്നു. പ്രദീപ് അനധികൃതമായി കമ്മിറ്റികളിൽ പങ്കെടുക്കുന്നതും പണപ്പിരിവ് നടത്തുന്നതും സമൂഹമാധ്യമംവഴി പ്രചരിപ്പിച്ചെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം. ഇത് ചോദ്യംചെയ്ത ജില്ലാ പഞ്ചായത്ത്‌ അംഗത്തെ എംഎൽഎ മർദിച്ചതും വലിയ വിവാദമായി. പ്രവർത്തകരും രമ്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കെപിസിസി നേതൃത്വം ഇടപെട്ട് പാളയം പ്രദീപിനെ ഒഴിവാക്കിയെങ്കിലും എംഎൽഎയും പ്രവർത്തകരും തമ്മിലുള്ള ചേരിപ്പോര് തുടരുകയാണ്. മണ്ഡലത്തിൽ സജീവമല്ലെന്ന ആക്ഷേപവും പ്രവർത്തകർ ഉന്നയിച്ചിരുന്നു. ഇത് ഓഫീസ് പ്രവര്‍ത്തനത്തെയും ബാധിച്ചു. ദിവസവും ചിറയിൻകീഴിലെ ഓഫീസിലെത്തുന്ന ആളുകൾ നൽകുന്ന അപേക്ഷകളും നിവേദനങ്ങളും പിഎയായിരുന്ന വിമലാണ് സ്വീകരിച്ചിരുന്നത്. ഇവ യഥാസമയം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്താനും പരിഹരിക്കാനും സാധിക്കാതായതോടെ ഇരുവരും തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമായി. തുടർന്നാണ് പേഴ്സണൽ സ്റ്റാഫായ വിമൽ കഴിഞ്ഞദിവസം രാജിവച്ചത്. ഇതിന്റെ തുടർച്ചയാണ് പ്രമേയം പാസാക്കൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home