ചരിത്രത്തിലേക്ക് തിരിച്ചുവച്ച വികസന ചക്രവാളം

പ്രത്യേക ലേഖകൻ
പാലക്കാട്
ഇത് ഒരു ചരിത്രമാണ്. കേരളം ഇതുവരെകണ്ടിട്ടില്ലാത്ത വികസന ചക്രവാളത്തിലേക്കുള്ള വളയം തിരിക്കൽ. ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യവികസനങ്ങളിൽ ഇത്രയധികം പദ്ധതികൾ പൂർത്തിയാക്കിയ ഒരു ചരിത്രം കേരളത്തിനില്ല, പ്രത്യേകിച്ച് പാലക്കാടിന്. മുഴുവൻ സർക്കാർ സ്കൂളുകളിലും ഒരു കോടി രൂപ ചെലവിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. മണ്ഡലത്തിൽ ഒരു സ്കൂളിന് ഏഴ് കോടി ചെലവിൽ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തി. ഓരോ സ്കൂളിനും അഞ്ച് കോടി ചെലവിൽ പുതിയ കെട്ടിടങ്ങൾ നിർമിച്ചു. പൂട്ടാറായ സർക്കാർ വിദ്യാലയങ്ങളെ ആധുനിക സൗകര്യത്തിലേക്ക് ഉയർത്തിയ മഹത്തായ സംരംഭമായിരുന്നു കിഫ്ബി. 22 സർക്കാർ വിദ്യാലയങ്ങളാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ലോകനിലവാരത്തിലേക്ക് ഉയർന്നത്. റെയിൽവേ ഗേറ്റ് അടഞ്ഞ് ഗതാഗത കുരുക്കിൽ വർഷങ്ങളോളം ദുരിതം പേറിയ ജനതയ്ക്ക് റെയിൽവേ മേൽപ്പാലങ്ങൾ നിർമിച്ച് സുഗമമായ ഗതാഗതം ഒരുക്കിയതും കിഫ്ബിയിൽനിന്ന് അനുവദിച്ച തുക കൊണ്ടാണ്. വാടാനാംകുറുശി റെയിൽവേ മേൽപ്പാലം, കൊടുമുണ്ട ഫ്ളൈ ഓവർ, വല്ലപ്പുഴ ഓവർ ബ്രിഡ്ജ്, അകത്തേത്തറ റെയിൽവേ മേൽപ്പാലം എന്നിവയൊക്കെ കിഫ്ബിയിൽനിന്നും തുക അനുവദിച്ച് യാഥാർഥ്യമാക്കിയതാണ്. സ്വപ്നം കാണാൻ കഴിയാത്ത വിധം സർക്കാർ ആശുപത്രികളെ മാറ്റിയെടുത്തതും കിഫ്ബിയുടെ ചിറകിലാണ്. ചിറ്റൂർ താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിച്ചത് 50.47 കോടി ചെലവിലാണ്. ഒറ്റപ്പാലം, മണ്ണാർക്കാട്, ചിറ്റൂർ, ആലത്തൂർ താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റ് നിർമിച്ചതും കിഫ്ബി വഴിയാണ്. തൃത്താല ആർട്സ് ആൻഡ് സയൻസ് കോളേജ് കെട്ടിടം നിർമിക്കാൻ 7.43 കോടി, ശ്രീകൃഷ്ണപുരം ഗവ. എൻജിനിയറിങ് കോളേജ് കെട്ടിടം–11.52 കോടി എന്നിങ്ങനെയും അനുവദിച്ച് നിർമാണം പൂർത്തിയാക്കി. റോഡുകൾ, പാലങ്ങൾ, കുടിവെള്ള പദ്ധതി എന്നിങ്ങനെ 40 പദ്ധതികൾക്ക് 1,149 കോടി രൂപയാണ് കിഫ്ബി വഴി അനുവദിച്ച് എൽഡിഎഫ് സർക്കാർ പൂർത്തിയാക്കിയത്. കുന്പിടി– കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ്– 105 കോടി, കുന്പിടി–തൃത്താല– പട്ടാന്പി റോഡ് 125 കോടി, കഞ്ചിക്കോട് വ്യവസായ മേഖലയെ ബന്ധിപ്പിക്കുന്ന രണ്ട് റോഡുകൾക്ക് 30 കോടി, ഒറ്റപ്പാലം ബൈപാസിന് 78.05 കോടി, ശ്രീകൃഷ്ണപുരം–മുറയങ്കണ്ണി– ചെത്തല്ലൂർ റോഡ് 45.53 കോടി, കൊടുവായൂർ ബൈപാസ് 38.20 കോടി, മംഗലംഡാം കുടിവെള്ള പദ്ധതി 70 കോടി എന്നിങ്ങനെ വൻ പദ്ധതികളും ഇതിലൂടെ യാഥാർഥ്യമായി.









0 comments