മൂലത്തറ വലതുകര കനാൽ നിർമാണം നിലയ്ക്കും
കിഫ്ബി ചാരമായാൽ ചിറ്റൂരും കരിയും

വേണു കെ ആലത്തൂർ
പാലക്കാട്
കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് അടിത്തറയിട്ട കിഫ്ബിയെ യുഡിഎഫ് സർക്കാർ നിർത്തലാക്കുന്നതോടെ മഴനിഴൽ പ്രദേശമായ ചിറ്റൂരിന്റെ വികസനവും കരിയും. വർഷങ്ങളായി ജില്ലയുടെ കിഴക്കൻ മേഖലയായ ചിറ്റൂരിലെ കർഷകരുടെ ആവശ്യമായ മൂലത്തറ വലതുകര കനാൽ നീട്ടുന്നതിന്റെ രണ്ടാംഘട്ട പ്രവർത്തനം മുടങ്ങുമെന്ന ആശങ്ക ഉയർന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ സൂക്ഷ്മ ജലസേചന പദ്ധതിയാണ് കോരയാർമുതൽ വരട്ടയാർവരെ നിർമിച്ച മൂലത്തറ വലതുകര കനാൽ. കൊഴിഞ്ഞാന്പാറ, എരുത്തേന്പതി, വടകരപ്പതി പഞ്ചായത്തുകളിലെ 21,000 ഏക്കർ കൃഷിക്ക് ജലസേചന സൗകര്യമൊരുക്കാൻ വിദേശമോഡലിൽ കനാൽ നിർമിക്കാൻ കിഫ്ബിയിൽനിന്ന് 262.5 കോടി രൂപയാണ് എൽഡിഎഫ് സർക്കാർ അനുവദിച്ചത്. ഒന്നാംഘട്ടം പൂർത്തിയാക്കി. രണ്ടാംഘട്ട സ്ഥലമേറ്റെടുപ്പിന് 35.43 കോടി രൂപ അനുവദിച്ച് പ്രവൃത്തി പുരോഗമിക്കുകയാണ്. സ്ഥലമേറ്റെടുപ്പ് പൂർത്തിയായാൽ 400 കോടിരൂപയുടെ രണ്ടാംഘട്ട നിർമാണത്തിന് പണം അനുവദിക്കേണ്ടത് കിഫ്ബിയാണ്. വരട്ടയാർമുതൽ വേലന്താവളംവരെ നീട്ടുന്നതോടെ ചിറ്റൂർ മേഖലയിലെ ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകും. ഒന്നാംഘട്ടത്തിൽ 6.92 കിലോമീറ്ററിലാണ് കനാൽ നിർമാണം. 112 പില്ലറുകൾ, പാറതുരന്നുള്ള ടണൽ എന്നിവയിലൂടെയാണ് 10 മീറ്റർ വീതിയിലാണ് കനാൽ നിർമിച്ചത്. 450 മീറ്റർ ടണൽ നിർമാണം പൂർത്തിയായി. മൂലത്തറയിൽനിന്ന് വരട്ടയാർവരെ സ്വാഭാവികമായി ഒഴുകുന്ന കനാലാണ് നിർമിച്ചത്. രണ്ടാംഘട്ടത്തിന് 2,087.97 സെന്റ് ഭൂമി ഏറ്റെടുക്കും. പറമ്പിക്കുളം– ആളിയാർ നദീജല കരാർ പ്രകാരം തമിഴ്നാട്ടിൽനിന്ന് കിട്ടുന്ന വെള്ളം മൂലത്തറയിൽ സംഭരിച്ചാണ് വലതുകര കനാൽ വഴി മൂന്ന് പഞ്ചായത്തുകളിലേക്ക് എത്തിക്കുന്നത്. കനാൽ ഇല്ലാത്തതിനാൽ വടകരപ്പതി ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കാനുള്ള പ്രയാസത്തിനും ഇതോടെ പരിഹാരമാകും. പദ്ധതിപ്രദേശത്തെ 14 കുളങ്ങളും നിറയ്ക്കും.
കഞ്ചിക്കോട് സ്മാർട്ട് സിറ്റി പിറന്നതും കിഫ്ബിയിൽ
പാലക്കാട്
കേന്ദ്രസർക്കാർ രാജ്യത്ത് പ്രഖ്യാപിച്ച ഏഴ് വ്യവസായ ഇടനാളികളിൽ ആദ്യമായി നിർമാണം തുടങ്ങിയ കഞ്ചിക്കോട് സ്മാർട്ട് സിറ്റിക്ക് വേഗം കൈവന്നത് കിഫ്ബി സഹായത്താലാണ്. പുതുശേരി, കണ്ണന്പ്ര പഞ്ചായത്തുകളിലായി 1710 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 1780 കോടി രൂപ അനുവദിച്ചത് കിഫ്ബിയാണ്. എൽഡിഎഫ് സർക്കാർ ഏറെ താൽപ്പര്യമെടുത്താണ് പദ്ധതിക്ക് സ്ഥലമേറ്റെടുത്തത്. സാങ്കേതിക തടസ്സങ്ങൾ നീക്കി കേന്ദ്ര– സംസ്ഥാന സംയുക്ത കന്പിനി പദ്ധതി നിർമാണം തുടങ്ങി. കിഫ്ബി ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ കഞ്ചിക്കോട് വ്യവസായ ഇടനാഴി സ്വപ്നങ്ങളിൽമാത്രമായി അവശേഷിക്കുമായിരുന്നു. സ്ഥലമേറ്റെടുപ്പിൽ ഒരു പരാതിയും ഇല്ലാതെ ശരവേഗത്തിൽ പൂർത്തിയാക്കാൻ വ്യവസായ വകുപ്പിന് കീഴിലെ കിൻഫ്രയാണ് മൂന്നിൽനിന്ന് നയിച്ചത്. 10,000 പേർക്ക് നേരിട്ടും അരലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്നതാണ് കഞ്ചിക്കോട് സ്മാർട്ട് സിറ്റി. വേഗത്തിൽ സ്ഥലമേറ്റെടുത്തിനാൽ ടെൻഡർ നപടികൾ പൂർത്തിയാക്കി നിർമാണം തുടങ്ങിക്കഴിഞ്ഞു. കേന്ദ്രസർക്കാർ തുക അനുവദിക്കുന്ന മുറയ്ക്ക് ആനുപാതികമായ സ്ഥലം അനുവദിച്ചാണ് പദ്ധതി പുരോഗമിക്കുന്നത്.









0 comments