ഓണം ആഘോഷിക്കാന്‍ കോണ്‍ഗ്രസിന്റെ അനധികൃത പിരിവ്

സ്വന്തം ലേഖകൻ
Published on Aug 26, 2026, 01:10 AM | 1 min read
കഴക്കൂട്ടം
ഓണാഘോഷത്തിന് ക്വാറി, റിയല്‍ എസ്റ്റേറ്റ് മാഫിയകളില്‍നിന്ന് പണപ്പിരിവുമായി കോണ്‍ഗ്രസ് നേതാക്കള്‍. അണ്ടൂർക്കോണം പഞ്ചായത്തിന്റെ ഓണാഘോഷത്തിനുവേണ്ടി 35 ലക്ഷത്തിലധികം രൂപ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. രസീത് നൽകാതെയായിരുന്നു പിരിവ്. പൊലീസ് ഇന്റലിജൻസിന്റേതാണ് റിപ്പോർട്ട്. വയല്‍ നികത്തുന്ന സംഘങ്ങൾ, അനധികൃത നിർമാണം നടത്തിയവർ, സർക്കാർ ഭൂമി കൈയേറിയവർ, ബ്ലേഡ് പലിശക്കാർ തുടങ്ങിയവരുടെ പട്ടിക തയ്യാറാക്കി ഭീഷണിപ്പെടുത്തി പണം പിരിച്ചെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ആക്രിക്കടകളിൽനിന്ന് 10,000 രൂപയിലധികം പിരിച്ചു. പിരിച്ചെടുത്ത പണം ഗ്രൂപ്പ് തിരിഞ്ഞ് ഓരോ നേതാക്കളും പങ്കുവച്ചു. പിരിവിന്റെ പേരിൽ നേതാക്കൾക്ക് ഇടയിലുണ്ടായ തർക്കത്തെ തുടര്‍ന്ന് മന്ത്രി ഉദ്ഘാടകനായിരുന്ന പഞ്ചായത്തിന്റെ ഓണാഘോഷ പരിപാടിയില്‍നിന്ന് നേതാക്കള്‍ വിട്ടുനിന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസിന് പരിപാടിയിലേക്ക് ക്ഷണവും ലഭിച്ചില്ല. ഇത് നിലവിലുണ്ടായിരുന്ന പ്രശ്നം രൂക്ഷമാക്കി. ഓണാഘോഷത്തിന്റെ ഭാഗമായി കുടിവെള്ള സ്രോതസായ ആനതാഴ്‌ചിറ മലിനമാക്കിയതിൽ പഞ്ചായത്തിനെതിരെ വ്യാപക പ്രതിഷേധമാണ്. ഈ വിഷയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആർ അർച്ചനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാക്കൾത്തന്നെ രംഗത്തുവന്നു. സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് പരസ്യമായി. ഇതോടെ ബോട്ട് സവാരി പഞ്ചായത്ത് നിര്‍ത്തിച്ചു. തിങ്കളാഴ്ച ബോട്ടിങ്ങിന് എത്തിയവരെ അധികൃതർ തിരിച്ചയച്ചു.










0 comments