ഹോട്ടൽ ജീവനക്കാരെ മർദിച്ച സംഭവം
കോൺഗ്രസ് നേതാവ് റിമാൻഡിൽ

കഴക്കൂട്ടം
അൽ സാജ് ഹോട്ടൽ ജീവനക്കാരിയടക്കം രണ്ടുപേരെ മർദിച്ച സംഭവത്തിൽ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി റിമാൻഡിൽ. കഴക്കൂട്ടം കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി ഷാജിയെയാണ് റിമാൻഡ് ചെയ്തത്. മറ്റൊരു പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ഷാജഹാൻ നേരത്തേ കോടതിയിൽനിന്ന് ജാമ്യം എടുത്തിരുന്നു. രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്. മെയ് 12ന് വൈകിട്ട് 6.30നാണ് ചാത്തന്നൂർ സ്വദേശി അഭി (26), ചിറയിൻകീഴ് സ്വദേശി ദിവ്യ (33) എന്നിവർ ഹോട്ടലിൽനിന്ന് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോകവേ എതിർദിശയിൽ വന്ന ഷാജി തന്റെ ഓട്ടോയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് വാക്കുതർക്കമുണ്ടാക്കിയത്. തിരികെ ഹോട്ടലിലേക്ക് വന്ന ഇവരെ ഷാജി പിന്തുടർന്നെത്തി അസഭ്യം പറയുകയും ഷാജഹാനെയും മറ്റു രണ്ട് കോൺഗ്രസ് പ്രവർത്തകരെയും വിളിച്ചുവരുത്തി അഭിയെ മർദിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച ദിവ്യയെയും ആക്രമിച്ചു. താഴെ വീണ അഭിയുടെ തലയിൽ ഷാജി നിലത്തുകിടന്ന തറയോടുകൊണ്ട് ഇടിച്ചു. ദിവ്യയെ ഷാജഹാനും മറ്റു രണ്ടുപേരും ചേർന്ന് മർദിച്ചു. പിടിച്ചുമാറ്റാൻ ശ്രമിച്ച ഹോട്ടലിലെ മൂന്ന് ജീവനക്കാർക്കും മർദനമേറ്റു. ഒളിവിൽപ്പോയവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് കഴക്കൂട്ടം പൊലീസ് പറയുന്നു. എന്നാൽ, തുടക്കംമുതലേ കോൺഗ്രസ് നേതൃത്വം പ്രതികളെ സംരക്ഷിക്കുകയാണെന്നും അതിനാലാണ് കേസ് നടപടികൾ വൈകുന്നതെന്നും ആക്ഷേപമുണ്ട്.











0 comments