തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും പാർടിയായി കോൺഗ്രസ് മാറി: എം എ ബേബി

വർക്കല മണ്ഡലത്തിലെ പള്ളിക്കൽ ജങ്‌ഷനിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും പാർടിയായി കോൺഗ്രസ് ജനമധ്യത്തിൽ തുറന്നുകാട്ടപ്പെട്ടെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. എൽഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വാമനപുരം മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് നടത്തിയ രണ്ട് തട്ടിപ്പുകളാണ് പുറത്തുവന്നത്. വയനാട് ദുരിതബാധിതർക്കായി വീട് നിർമിക്കാമെന്ന പേരിലും ഹരിയാനയിൽ സീറ്റ് കച്ചവടം നടത്തിയും കോടികളാണ് കോൺഗ്രസ് തട്ടിയത്. വയനാട് ദുരിത ബാധിതർക്കായി ഡിവൈഎഫ്ഐ മാത്രം പിരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറിയത് 20 കോടി രൂപയാണ്. യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിംലീഗ് പോലും 44 കോടി രൂപ പിരിച്ചപ്പോൾ കോൺഗ്രസ് പിരിച്ചത് വെറും അഞ്ച് കോടിയാണെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. എന്നാൽ കോൺഗ്രസ് 150 കോടിയോളം പിരിച്ചെന്നാണ് അവരുടെ തന്നെ ആപ് പറയുന്നത്. ദുരിതബാധിതരെപ്പോലും കബളിപ്പിച്ച് തട്ടിപ്പ് നടത്തുന്ന യുഡിഎഫിന് ഭരണം ലഭിച്ചാൽ നാടിന്റെ അവസ്ഥ എന്താകും. ദേശീയ നേതാവായ രാഹുൽ ഗാന്ധിപോലും കേരളത്തിൽ വന്ന് അസത്യങ്ങൾ പറയുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലവാരത്തിലേക്ക് രാഹുൽ ഗാന്ധിയും താഴ്ന്നു. കേരളത്തിൽ എൽഡിഎഫിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണുള്ളത്. ജനക്ഷേമവും ജനവിരുദ്ധതയും തമ്മിലാണ് ഇവിടെ പോരാട്ടം. എന്നും ജനക്ഷേമത്തിന്റെ പക്ഷത്തുള്ള എൽഡിഎഫിന് വിജയം ഉറപ്പാണെന്നും എം എ ബേബി പറഞ്ഞു. എൽഡിഎഫ് മണ്ഡലം സെക്രട്ടറി ഇ എ സലിം അധ്യക്ഷനായി. സ്ഥാനാർഥി ഡി കെ മുരളി, എൽഡിഎഫ് നേതാക്കളായ കോലിയക്കോട് എൻ കൃഷ്ണൻനായർ, വി കെ മധു, വെമ്പായം നസീർ, വിഭു പിരപ്പൻകോട്, ഷിജൂഖാൻ, കെ ബാബുരാജൻ, വൈ വി ശോഭകുമാർ, സുജിത് മോഹൻ, ആർ എസ് ജയൻ എന്നിവർ പങ്കെടുത്തു.










0 comments