എസ്‌ഐ കണ്ണിൽ പെപ്പർ സ്‌പ്രേ അടിച്ചെന്ന പരാതി
സർക്കാർ 50,000 രൂപ നഷ്ടപരിഹാരം നൽകണം

തിരുവനന്തപുരം
യുവാവിന്റെ കണ്ണിൽ എസ്‌ഐ പെപ്പർ സ്‌പ്രേ പോലുള്ള ദ്രാവകം അടിച്ചെന്ന പരാതിയിൽ സർക്കാർ 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്. തുടർന്ന് ആഭ്യന്തര വകുപ്പ് ധനസഹായം അനുവദിച്ചു. വിവാഹമോചന കേസ് കുടുംബകോടതിയിൽ നടക്കുന്നതിനിടെ ഭാര്യയുടെ മൊബൈലിലേക്ക് സന്ദേശം അയച്ചുവെന്ന പേരിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി യുവാവിന്റെ കണ്ണിൽ പെപ്പർ സ്‌പ്രേ അടിച്ചതാണ് സംഭവം. കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിലാണ് നടപടി. തുക സർക്കാർ നൽകിയശേഷം എതിർകക്ഷിയായ എസ്ഐയുടെ ശമ്പളത്തിൽനിന്ന് ഈടാക്കാനും നിർദേശം നൽകി. 2023 ഒക്ടോബർ ഒന്പതിന് ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. കുറക്കട സ്വദേശി ശ്രീനാഥിന്റെ പരാതിയിലാണ് നടപടി. സംഭാഷണത്തിനിടെ പ്രകോപിതനായ എസ്ഐ കണ്ണുകൾക്ക് നീറ്റലുണ്ടാക്കുന്ന ദ്രാവകം സ്‌പ്രേ ചെയ്തതായി ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമീഷനെ അറിയിച്ചിരുന്നു.









0 comments