വിഴിഞ്ഞം ഓഹരിക്കൈമാറ്റം
print edition ആദ്യം റിപ്പോർട്ട് ചെയ്‌തത് ദേശാഭിമാനിയല്ല; സതീശന്റെ നുണ പൊളിഞ്ഞു

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ കമ്പനിയിലെ അദാനിയുടെ ഓഹരി കൈമാറുന്നതുമായി ബന്ധപ്പെട്ട് ദേശാഭിമാനിയെ പഴിചാരി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ കുതന്ത്രം പൊളിഞ്ഞു. ഓഹരിക്കൈമാറ്റം സംബന്ധിച്ച് ആദ്യം വാർത്തനൽകിയത് ദേശാഭിമാനിയാണെന്നും ഇതെങ്ങനെ കിട്ടിയെന്നുമായിരുന്നു വാർത്താസമ്മേളനത്തിൽ സതീശന്റെ ചോദ്യം.
മുൻ എൽഡിഎഫ് സർക്കാരാണ് ദേശാഭിമാനിയുടെ "ഉറവിടം’ എന്നും ആരോപിച്ചു. എന്നാൽ വാർത്താസമ്മേളനം കഴിഞ്ഞ് മിനിറ്റുകൾക്കകം സതീശൻ പറഞ്ഞതൊക്കെ വസ്‌തുതാവിരുദ്ധമെന്ന് തെളിഞ്ഞു. ഓഹരിക്കൈമാറ്റ ചർച്ച നടക്കുന്നതായി ആദ്യം വാർത്ത നൽകിയത് ജൂൺ ഒന്നിന് ഇക്കണോമിക് ടൈംസ് ആണ്. "വിഴിഞ്ഞം തുറമുഖ കമ്പനിയിയുടെ ഓഹരി എംഎസ്‍സിക്ക് വിൽക്കാൻ ചർച്ച' എന്നായിരുന്നു തലക്കെട്ട്.
പിന്നാലെ ജൂൺ മൂന്നിന് "അദാനി കമ്പനിയിൽ എംഎസ്‍സിക്ക് ഓഹരിപങ്കാളിത്തം പരിഗണയിൽ' എന്ന തലക്കെട്ടിൽ മാതൃഭൂമി വാർത്ത. തുറമുഖ നടത്തിപ്പിൽ എംഎസ്‍സിക്ക് ഓഹരി പങ്കാളിത്തം നൽകിയുള്ള സഹകരണമാണ് അദാനി കമ്പനി ലക്ഷ്യമിടുന്നതെന്നും ഇരു കമ്പനിയും ചർച്ച തുടങ്ങിയതായാണ് സൂചനയെന്നും മാതൃഭൂമി റിപ്പോർട്ട്‌ചെയ്‌തു.
ജൂൺ അഞ്ചിനായിരുന്നു ദേശാഭിമാനി വാർത്ത. ഓഹരിക്കൈമാറ്റം നടക്കണമെങ്കിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അനുമതി വേണമെന്ന് ദേശാഭിമാനി കൃത്യമായി പറയുന്നുണ്ട്. മാതൃഭൂമിയുടെയും ഇക്കണോമിക് ടൈംസിന്റെയും വാർത്ത മറച്ചുവച്ചാണ് ദേശാഭിമാനിയുടെ പേരുപറഞ്ഞ് മുൻ എൽഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ സതീശൻ ശ്രമിച്ചത്.
അറിയാത്തത് മുഖ്യമന്ത്രിമാത്രം
വിഴിഞ്ഞം കമ്പനിയിലെ അദാനി ഗ്രൂപ്പിന്റെ ഓഹരിക്കൈമാറ്റത്തെക്കുറിച്ച് സർക്കാർ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറയുന്നതിൽ വസ്‌തുതയില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൈമാറ്റത്തിന് കരാറാവുകയും അംഗീകാരംതേടി അദാനി കമ്പനി സെബിക്ക് കത്തെഴുതുകയും ചെയ്‌തശേഷമാണ് അറിഞ്ഞതെന്ന് പറയുന്നതിൽ അർഥമില്ല. ഓഹരിക്കൈമാറ്റം സംബന്ധിച്ച വാർത്ത ജൂൺ ഒന്നിന് ഇക്കണോമിക് ടൈംസും മൂന്നിന് മാതൃഭൂമിയും പ്രസിദ്ധീകരിച്ചു. ആദ്യം വന്നത് ദേശാഭിമാനിയിലല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ, മുഖ്യമന്ത്രി ദേശാഭിമാനിയെയും പാർടിയെയും പ്രതിസ്ഥാനത്താക്കാൻ പച്ചക്കള്ളം പറയുകയാണ്. മംഗളൂരുവിൽ പ്രത്യേക വിമാനത്തിൽ പോയി അദാനി ഗൂപ്പ് പ്രതിനിധികളുമായി എന്താണ് ചർച്ചചെയ്‌തതെന്ന് സതീശൻ വ്യക്തമാക്കണം. അതുചോദിക്കുമ്പോൾ വിഷയം മാറ്റുകയാണ്. അദാനി ഡീലിനെക്കുറിച്ച് രാഹുൽഗാന്ധി പ്രതികരിക്കണം.
സംസ്ഥാനത്തിന്റെ അവകാശം സ്വകാര്യകമ്പനിക്ക് അടിയറവയ്‌ക്കുന്നതിനെയാണ് സിപിഐ എം എതിർക്കുന്നത്. സർക്കാർ അറിയാതെയാണ് ഓഹരിക്കൈമാറ്റമെങ്കിൽ എന്ത് നിയമനടപടിയാണ് സ്വീകരിക്കുക. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്‌ട്രീയ നിലപാട് പറയാൻ മുഖ്യമന്ത്രി തയ്യാറല്ല. കേരളം ഭരിക്കുന്നത് ബിജെപിയല്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞത് സതീശനെ ലക്ഷ്യമിട്ടാണ്. തങ്ങളുടെ നയങ്ങളാണ് യുഡിഎഫ് സർക്കാർ നടപ്പാക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും വ്യക്തമാക്കിയിട്ടുണ്ട്. മോദിക്കും അദാനിക്കും വേണ്ടി ഭരിക്കുന്ന മുഖ്യമന്ത്രിയായി സതീശൻ മാറിക്കഴിഞ്ഞു.
സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരായ വാർത്താസമ്മേളനത്തിലെ സതീശന്റെ പരാമർശം മുഖ്യമന്ത്രിസ്ഥാനത്തിന് യോജിച്ചതല്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചയാളെന്ന നിലയിലാണ് ഓഹരിക്കൈമാറ്റത്തെക്കുറിച്ച് പ്രതികരിച്ചത്. അത് പൊതുപ്രവർത്തകന്റെ ഉത്തരവാദിത്വമാണ് –അദ്ദേഹം പറഞ്ഞു.










0 comments