ad
Deshabhimani

സ്വകാര്യ ബസ്‌ പണിമുടക്ക്‌ 
പൂർണം

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  കൊല്ലം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
വെബ് ഡെസ്ക്

Published on Jul 09, 2026, 01:46 AM | 1 min read

കൊല്ലം

‘പ്രിയദർശിനി' പദ്ധതിയിലൂടെ സ്വകാര്യ ബസ് മേഖലയെ തകർച്ചയിലേക്ക് തള്ളിവിട്ട യുഡിഎഫ്‌ സർക്കാരിനെതിരെ സ്വകാര്യ ബസ്‌ ഉടമകളും ജീവനക്കാരും നടത്തിയ പണിമുടക്ക്‌ ജില്ലയിൽ പൂർണം. ജീവനക്കാരും ഉടമകളും അവരുടെ കുടുംബാംഗങ്ങളും ഒറ്റ മനസ്സോടെ പണിമുടക്കിൽ പങ്കാളിയായി. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നടത്തിയ സമരത്തിൽ ജില്ലയിലെ 650 ബസും പണിമുടക്കി. സ്ത്രീ സൗജന്യയാത്ര മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും പരിഹാരം വേണമെന്നും ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും നിവേദനം നൽകിയിട്ടും പരിഹാരമാകാത്തതിനെ തുടർന്നായിരുന്നു പണിമുടക്ക്. കെഎസ്‌ആർടിസിയിൽ നടപ്പാക്കിയ സീറോ ടിക്കറ്റ്‌ സന്പ്രദായം സ്വകാര്യമേഖലയിലും നടപ്പാക്കുക, റോഡ്‌ ടാക്സ്‌ പൂർണമായും ഒഴിവാക്കുക, ഡീസലിന്‌ സബ്‌സിഡി ഏർപ്പെടുത്തുക, വിദ്യാർഥികളുടെ കൺസഷൻ കാലോചിതമായി പരിഷ്‌കരിക്കുക, കെഎസ്‌ആർടിസി ചെയിൻ സർവീസ്‌ കുറയ്‌ക്കുക എന്നിവയായിരുന്നു മറ്റ്‌ ആവശ്യങ്ങൾ. പത്തനംതിട്ട, കോട്ടയം ജില്ലകളിലും അസോസിയേഷൻ സമരം സംഘടിപ്പിച്ചു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങാതെ വന്നതോടെ നഗര ഗ്രാമ വ്യത്യാസമില്ലാതെ പലയിടത്തും വിദ്യാർഥികള്‍ ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു. കെഎസ്ആർടിസി ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക്‌ പരഗണിച്ച്‌ കെഎസ്‌ആർടിസി പ്രത്യേക സർവീസ്‌ നടത്താൻ തയ്യാറാകാഞ്ഞതിൽ യാത്രക്കാർ പലയിടത്തും പ്രതിഷേധിച്ചു. സർവീസ്‌ നിർത്തിവച്ച്‌ പ്രതിഷേധിച്ച ബസ്‌ ഉടമകളും ജീവനക്കാരും കലക്ടറേറ്റിലേക്ക്‌ മാർച്ചും ധർണയും നടത്തി. രാവിലെ 10ന്‌ ഗണപതി അമ്പലത്തിനു സമീപത്തുനിന്ന്‌ ആരംഭിച്ച മാർച്ച്‌ കലക്ടറേറ്റിനുമുന്നിൽ സമാപിച്ചു. കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ എം എസ്‌ ഗോപകുമാർ ഉദ്‌ഘാടനംചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എംഡി രവി അധ്യക്ഷനായി. സെക്രട്ടറി സി രാധാകൃഷ്‌ണപിള്ള, സുന്ദരേശൻ, കുന്പളത്ത്‌ രാജേന്ദ്രൻ, ബാലചന്ദ്രൻപിള്ള, സഫ അഷ്‌റഫ്‌, ബി മഞ്ജുദാസ്‌, അബ്‌ദുൾ റഷീദ്‌ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home