print edition എംഎസ്‌സിയുടെ വിഴിഞ്ഞം ഓഹരി വാങ്ങൽ കരാറിനെതിര്: തോമസ് ഐസക്

തോമസ് ഐസക്
തിരുവനന്തപുരം : മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് (എംഎസ്‌സി) വിഴിഞ്ഞം തുറമുഖത്തെ അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി വാങ്ങാൻ കരാർ വ്യവസ്ഥകൾ പ്രകാരം അവകാശമില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്. കരാറിലെ 5 (9) വകുപ്പ് പ്രകാരം അദാനി കമ്പനിയും സഹോദര സ്ഥാപനങ്ങളും വിഴിഞ്ഞം തുറമുഖത്തിന് 250 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു തുറമുഖത്തിലും 25 ശതമാനത്തിലധികം ഓഹരി എടുക്കാൻ പാടുള്ളതല്ല.
ഇതുപോലെ മറിച്ചും. മറ്റു സമീപ തുറമുഖങ്ങളിൽ 25 ശതമാനത്തിലധികം ഉടമസ്ഥതയുള്ള ഒരു കമ്പനിക്കോ വ്യക്തിക്കോ വിഴിഞ്ഞം തുറമുഖത്തിൽ 25 ശതമാനത്തിലധികം ഓഹരി വാങ്ങാൻ അവകാശമില്ല. കുളച്ചൽ തുറമുഖം വികസിപ്പിക്കുന്നതിന് അദാനി താൽപ്പര്യമെടുത്തിരുന്നു. എന്നാൽ ഈ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് അതിൽനിന്ന് പിന്മാറിയത്.
എംഎസ്‌സിക്ക് വിഴിഞ്ഞത്തുനിന്ന് 150 കിലോമീറ്റർ അകലെയുള്ള തൂത്തുക്കുടി തുറമുഖത്തിൽ ഒരു ടെർമിനലിന്റെ പൂർണ ഉടമസ്ഥാവകാശമുണ്ട്. 2022-ൽ ആഫ്രിക്ക ലോജിസ്റ്റിക്സ് എന്ന കമ്പനി വാങ്ങിയപ്പോഴാണ് ഈ ടെർമിനൽ എംഎസ്‌സിയുടേതായത്. വിഴിഞ്ഞം അദാനി കമ്പനിയുടെ ഓഹരി കൈമാറ്റത്തിന് കരാറിലെ 5(3) വകുപ്പ് പ്രകാരം കേരള സർക്കാരിന്റെ അനുവാദം വാങ്ങിയിട്ടില്ല എന്നതിനെ ചുറ്റിപ്പറ്റിയാണ് ഇതുവരെ വിവാദം. എന്നാൽ യഥാർഥ പ്രശ്നം കരാറിലെ 5(9) വകുപ്പാണെന്ന് തോമസ് ഐസക് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഇതു സംബന്ധിച്ച് എംപവേർഡ് കമ്മിറ്റിയോ മന്ത്രി സഭയോ ചർച്ച ചെയ്തുവോ. വിശദമായ വാർത്താസമ്മേളനം നടത്തിയിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയില്ലെന്നും തോമസ് ഐസക് ചോദിച്ചു.










0 comments