ad
Deshabhimani

ദേശീയപാതയിൽ മരത്തിലിടിച്ച് കാർ തകർന്നു

car accident

ദേശീയപാത 66 കൂനമ്മാവ് മാർക്കറ്റ് കവലയിലെ മരത്തിലിടിച്ച് തകർന്ന കാർ

വെബ് ഡെസ്ക്

Published on Jul 09, 2026, 02:26 AM | 1 min read

വരാപ്പുഴ


​ദേശീയപാത 66ല്‍ കൂനമ്മാവ് മാര്‍ക്കറ്റിനുസമീപം ബാപ്പൂജി വായനശാലയ്ക്കുമുന്നിലെ തണല്‍മരത്തിൽ കാറിടിച്ച് അപകടം. ഏഴിക്കര കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡ്യൂട്ടിക്ക്‌ പോയ ഡോ. അഞ്ജുവിന്റെ കാറാണ് ചൊവ്വ പകൽ 2.30ന് മരത്തിൽ ഇടിച്ചത്.


അപകടത്തില്‍ സാരമായി പരിക്കേറ്റ ഡോ. അഞ്ജുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ തീരെ വീതിയില്ലാത്ത ഭാഗത്ത് എതിരെ വന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെയാണ് മരത്തിലിടിച്ചത്‌.

റോഡിനോടുചേര്‍ന്നുള്ള കാലപ്പഴക്കംചെന്ന മൂന്ന് തണല്‍മരങ്ങൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി ഉയർന്നിരുന്നു. മഴക്കാലമായാല്‍ ശിഖരങ്ങൾ ഒടിഞ്ഞുവീഴുന്നതും പതിവാണ്. ശിഖരങ്ങൾ റോഡിലേക്ക് താഴ്ന്നുനില്‍ക്കുന്നതും അപകടമുണ്ടാക്കുന്നു.


കണ്ടെയ്‌നര്‍ ലോറിയുള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഇടിച്ച് തണല്‍മരത്തിന്റെ പലഭാഗത്തും കേടുപറ്റിയിട്ടുണ്ട്‌. മരം മുറിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രദേശവാസികള്‍ പലവട്ടം കോട്ടുവള്ളി പഞ്ചായത്തിന്‌ നിവേദനം നല്‍കിയെങ്കിലും പരിഗണിച്ചില്ല.

ഒരാഴ്ചമുന്പ്‌ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെട്ടിക്കട മരത്തില്‍ തട്ടി താഴേക്ക് മറിഞ്ഞു. പിന്നാലെ വന്ന സ്‌കൂട്ടര്‍ യാത്രികന്‍ തലനാരിഴയ്‌ക്കാണ്‌ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്. പിന്നീട്‌ റോഡില്‍ ഉപേക്ഷിച്ച പെട്ടിക്കട തൊട്ടടുത്ത കപ്പേള ഗ്രൗണ്ടിലേക്ക് മാറ്റിയിട്ട് ദിവസങ്ങളായിട്ടും അധികൃതര്‍ നീക്കം ചെയ്തിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home