Deshabhimani

'നീ പെണ്ണായതുകൊണ്ടാ, മോന്ത അടിച്ചു പൊളിക്കും' ഉദ്യോ​ഗസ്ഥയെ ഭീഷണിപ്പെടുത്തി മുസ്ലിം ലീ​ഗ് നേതാവ്

Muslim league leader threaten

ലീഗ് നേതാവ് ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യത്തില്‍ നിന്നും

വെബ് ഡെസ്ക്

Published on Oct 19, 2026, 04:39 PM | 1 min read

കൊച്ചി: എണറാകുളം പ്രായിപ്ര പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറെ ഭീഷണിപ്പെടുത്തി മുസ്ലിം ലീ​ഗ് നേതാവ്. സ്വകാര്യ സ്കൂളിന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് എഇയായ സി വൈ സുമയ്യയെ ലീ​ഗ് നേതാവും പഞ്ചായത്തം​ഗവുമായ അബ്ദുൾ കരീം ഭീഷണിപ്പെടുത്തിയത്. 'നീ പെണ്ണായതു കൊണ്ടാ, ഇല്ലെങ്കിൽ മോന്ത അടിച്ചു പൊളിക്കു'മെന്നായിരുന്നു കരീമിന്റെ ഭീഷണി. സംഭവത്തിൽ ഉദ്യോ​ഗസ്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. മറുപരാതിയിൽ അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരെയും കേസെടുത്തു.


പ്രായിപ്ര പഞ്ചായത്തിലെ സ്വകാര്യ സ്കൂളിന്റെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞിരുന്നു. ഇതു പുതുക്കുന്നതുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചു. ഇതോടൊപ്പം കെഎസ്ഇബിയുടെ എൻഒസി ഹാജരാക്കണമെന്നാവശ്യപ്പെട്ടതാണ് ലീ​ഗ് നേതാവിനെയും കൂട്ടരുടെയും ചൊ‌ടിപ്പിച്ചത്. അങ്ങനെയൊരു കീഴ്വഴക്കമില്ലെന്നും ഫിറ്റ്നസ് പാസാക്കണമെന്നും ആവശ്യപ്പെട്ട ലീ​ഗ് നേതാവ് എഇ യെ ഭീഷണിപ്പെടുത്തുകയായിരുന്നു.


'നി‍ന്റെ അഭ്യാസമൊന്നും ഇവിടെ നടക്കൂല, നിന്റെ ഹുങ്ക് കാണാൻ വേണ്ടി വന്നിരിക്കുന്നതല്ല. നി‍ന്നെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കാൻ ഞങ്ങൾക്കറിയാം. നീ ഒരു പെണ്ണായതു കൊണ്ടാ, ഇല്ലെങ്കിൽ മോന്ത അടിച്ചു പൊട്ടിക്കും' ലീ​ഗ് നേതാവ് ഭീഷണിയുയർത്തി. ഇതു ഫോണിൽ പകർത്തുകയും ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസിനു കൈമാറുകയും സംഭവത്തിൽ ഉദ്യോ​ഗസ്ഥ പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സീനത്ത്, അബ്ദുൾ കരീം, ജൂബി, ബിസ്മി എന്നീ നാലു പേർക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. പഞ്ചായത്ത് പ്രസിഡന്റും മറ്റ് അം​ഗങ്ങളുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഫിറ്റ്നസ് പ്രശ്നം മാത്രമല്ല, പൊതുമരാമത്ത് പ്രവർത്തിയുമായി ബന്ധപ്പെട്ട് ഫണ്ട് വകയിരുത്തുന്നതിലെ ക്രമവിരുദ്ധമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതിനുള്ള മുൻവൈരാ​ഗ്യമാണ് ഭീഷണിക്കു പിന്നിലെന്നും സുമയ്യ പരാതിയിൽ പറഞ്ഞു.


എന്നാൽ വീഡിയോ തങ്ങൾക്കെതിരെ തെളിവാകുമെന്ന് കണ്ട് പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് മറുപരാതി നൽകി. ഫിറ്റ്നസ് പുതുക്കുന്നതിനു വേണ്ട അപേക്ഷ നൽകിയപ്പോൾ നടക്കില്ല എന്നു പറഞ്ഞ് പിടിച്ചു വലിച്ചു, ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് പരാതി നൽകിയത്. തുടർന്ന് ലീ​ഗ് നേതാക്കളും സംഘവും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. തങ്ങൾക്കെതിരായ മറുപരാതിയിലാണ് പൊലീസ് ആദ്യം എഫ്ഐആർ ഇട്ടതെന്നും തങ്ങൾക്ക് നീതി കിട്ടിയിട്ടില്ലെന്നും ഉദ്യോ​ഗസ്ഥയുടെ കുടുംബം പറഞ്ഞു. കേസിൽ കടുത്ത സമർദ്ദം നേരിടുന്നതായും കുടുംബം വെളിപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home