നാടൻ രുചിക്കൂട്ടിൽ അനിയൻസിന്റെ കൈപ്പുണ്യം

സുരേഷ് വെട്ട്‌കാട്ട്
Published on Jul 09, 2026, 01:49 AM | 1 min read
കരുനാഗപ്പള്ളി
നാടൻ വിഭവങ്ങളുടെ വ്യത്യസ്തമായ രുചിക്കൂട്ടുകൾ നിറച്ച അനിയൻസിന്റെ കലവറ സൂപ്പർ ഹിറ്റായി മുന്നേറുന്നു. കുലശേഖരപുരം ആദിനാട് തെക്ക് മരങ്ങാട്ട്മുക്കിനു സമീപം സുദർശനൻ എന്ന അനിയൻ കുഞ്ഞാണ് നാട്ടിലും സമൂഹമാധ്യമങ്ങളിലും വൈറലായത്. കൂലിപ്പണി ഉൾപ്പെടെ നിരവധി ജോലികൾ ചെയ്തിരുന്ന സുദർശനൻ അവിചാരിതമായാണ് പാചകരംഗത്തേക്ക് എത്തുന്നത്. ഇതുകൊണ്ടുമാത്രം മുന്നോട്ടുപോകാൻ കഴിയാതായതോടെ അഞ്ചുവർഷം ഗൾഫിലും ജോലി ചെയ്തു. പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയപ്പോഴാണ് ജീവിതത്തിലെ വഴിത്തിരിവ്. ദൃശ്യമാധ്യമങ്ങളിൽ എഡിറ്ററായി ജോലി ചെയ്യുന്ന മരുമകൻ രാജേഷിനോടും മകൾ സൂര്യ ലക്ഷ്മിയോടും ഇവരുടെ സുഹൃത്തായ ഡോക്ടറാണ് സുദർശനന്റെ കഴിവുകൾ എന്തുകൊണ്ട് പ്രേക്ഷകരിലേക്ക് എത്തിച്ചുകൂടാ എന്ന ആശയം പങ്കുവയ്ക്കുന്നത്. ഒരു പരീക്ഷണമെന്ന നിലയിൽ 2020 ജനുവരിയിൽ നാടൻ പായസം പാചകംചെയ്യുന്ന വീഡിയോ തയ്യാറാക്കി യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്‌തു. പിന്നീട് "അനിയൻസ് കിച്ചൻ നാട്ടുരുചികൾ’ എന്ന പേജിലൂടെ വ്യത്യസ്തങ്ങളായ പാചക വീഡിയോകൾ ആയിരങ്ങൾക്ക് പ്രിയങ്കരമായത് ചരിത്രം. ഇന്ന് ആറരലക്ഷം പേരാണ് പേജ് ഫോളോ ചെയ്യുന്നത്.സുദർശനനൊപ്പം സഹോദരന്റെ മകൻ ഏഴരവയസ്സുകാരൻ കുട്ടുവും ഓരോ എപ്പിസോഡിലും എത്തുന്നുണ്ട്. രുചിനോക്കി ആദ്യ കമന്റ് പറയുന്നതും ഈ കുട്ടി പാചകക്കാരൻ തന്നെ. വീടിനു സമീപത്തെയും ടി എസ് കനാലിന് അരികെയുമുള്ള സ്ഥലങ്ങളാണ് ഷൂട്ടിങ്ങിനായി ഉപയോഗിക്കുന്നത്. മരുമകൻ രാജേഷാണ് ഷൂട്ടിങ്ങും എഡിറ്റിങ്ങുമെല്ലാം നിർവഹിക്കുന്നത്. വീഡിയോ കണ്ട് സ്വന്തമായി പാചകംചെയ്തു നോക്കിയിട്ട് നിരവധിപേർ വിളിക്കാറുണ്ടെന്ന് അനിയൻ പറയുന്നു. വീഡിയോകൾ ഹിറ്റായതോടെ അനിയൻസ് എന്ന പേരിൽ വിവിധയിനം അച്ചാറുകളുടെ നിർമാണവും തുടങ്ങി. വീടിനോട് ചേർന്ന് തയ്യാറാക്കിയ ഷെഡിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധിപേരാണ് ജോലി ചെയ്യുന്നത്. ചെറുകടകളിലും സൂപ്പർ മാർക്കറ്റുകളിലുമെല്ലാം അനിയൻസ് അച്ചാറുകൾക്ക് വൻ ഡിമാൻഡാണ്. അച്ചാറുകൾക്കായി ഓൺലൈനിലൂടെ ലഭിച്ച ഓർഡറുകൾ എഴുതി വയ്ക്കാനും പായ്ക്കു ചെയ്യാനുമൊക്കെയായി ഭാര്യ ലതയും തിരക്കിലാണ്. പക്ഷേ, പാചകത്തിൽ അനിയൻകുഞ്ഞ് മറ്റാരെയും അടുപ്പിക്കില്ല. അതിൽ തന്റെ കൈപ്പുണ്യം തന്നെ വേണമെന്ന നിർബന്ധമാണ് ഇദ്ദേഹത്തിന്.










0 comments