സ്വകാര്യ ബസുകൾക്ക് നഷ്ടം 1.95 കോടി

സ്വന്തം ലേഖിക
കൊല്ലം
‘പ്രിയദർശിനി’ സർവീസ് ആരംഭിച്ച് 22 ദിവസത്തിനുള്ളിൽ ജില്ലയിലെ സ്വകാര്യ ബസ് ഉടമകൾക്കുണ്ടായത് 1.95 കോടിരൂപയുടെ നഷ്ടം. നഗര ഗ്രാമ വ്യത്യാസമില്ലാതെ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകൾക്ക് ദിവസേന 2000– 4000 രൂപവരെയാണ് നഷ്ടമുണ്ടാകുന്നത്. 2000 പേർ നേരിട്ടും ആയിരങ്ങൾ പരോക്ഷമായും ആശ്രയിക്കുന്ന മേഖലയിലാണ് കടുത്ത പ്രതിസന്ധി രൂപപ്പെട്ടത്. ജില്ലയിൽ 650 സ്വകാര്യ ബസുകളാണുള്ളത്. ഇവയുടെ ഉടമകളും ജീവനക്കാരുമാണ് സാമ്പത്തിക നഷ്ടത്തിൽ വലയുന്നത്. ബസുകളുടെ അറ്റകുറ്റപ്പണി, ഇന്ധന വിലവർധന, ഇൻഷുറൻസ് എന്നിവയ്ക്ക് വൻ തുകയാണ് ദിവസവും മാറ്റിവയ്‌ക്കേണ്ടിവരുന്നത്. ഇത്തരത്തിൽ ദൈനംദിന ചെലവുകൾക്കുപോലും വരുമാനമില്ലാതെ മേഖല കിതയ്‌ക്കുന്നതിനാൽ വരുമാനം കുത്തനെ ഇടിഞ്ഞ 24 ബസ് ഉടമകൾ ജൂണിൽ "ജി ഫോം' നൽകി സർവീസ് അവസാനിപ്പിച്ചു. നിശ്ചിത കാലയളവിൽ വാഹനം റോഡിൽ ഓടിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പിനെ മുൻകൂട്ടി അറിയിക്കുന്ന സംവിധാനമാണിത്. ജി ഫോം സമർപ്പിക്കുക വഴി വാഹനങ്ങളുടെ നികുതി ഒഴിവാക്കാൻ സാധിക്കും. നിലവിലെ സാഹചര്യത്തിൽ സർവീസുകൾ കൂട്ടത്തോടെ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാകുകയാണ് ഉടമകൾ. ഇൗ മാസം അവസാനം കൂടുതൽ ബസുകൾ ജി ഫോം നൽകാനുള്ള തയ്യാറെടുപ്പിലാണ്. തിരുവനന്തപുരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കെഎസ്‌ആർടിസി ഓർഡിനറി ബസുള്ള ജില്ലയാണ് കൊല്ലം. ജില്ലതോറും സ്ത്രീ യാത്രക്കാരുടെ വിവരം സർക്കാർ ശേഖരിച്ചിട്ടുള്ളതിനാൽ ഇതിന് ആനുപാതികമായി നിലവിലുള്ള പ്രിയദർശിനി ബസുകൾ ഓരോ ജില്ലകൾക്കും വീതിച്ചു നൽകിയും നിശ്ചിത സമയക്രമത്തിൽ സർവീസ് നടത്തിയും സ്വകാര്യ ബസുകളെ സംരക്ഷിക്കണമെന്നാണ് ആവശ്യം. ഇതുൾപ്പടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം 20 മുതൽ സെക്രട്ടറിയറ്റ് ധർണയും അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് ബസ് ഉടമകളും ജീവനക്കാരും പറഞ്ഞു.










0 comments