ad
Deshabhimani

ഓർമയുടെ കടൽ കടന്ന്‌ കോളിൻ

ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി  ജി എൽ അരുൺഗോപി സമ്മാനിച്ച വൃക്ഷത്തൈയുമായി കോളിൻ വർഗീസ്‌. ലീന വർഗീസ്‌, ഏയ്ഡൻ വർഗീസ്‌, 
സാബു വർഗീസ്‌ എന്നിവർ സമീപം

ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി സമ്മാനിച്ച വൃക്ഷത്തൈയുമായി കോളിൻ വർഗീസ്‌. ലീന വർഗീസ്‌, ഏയ്ഡൻ വർഗീസ്‌, 
സാബു വർഗീസ്‌ എന്നിവർ സമീപം

avatar
വൈഷ്‌ണവ്‌ ബാബു

Published on Jun 03, 2026, 11:19 PM | 1 min read

തിരുവനന്തപുരം

വിട്ടുപോയ ഓർമച്ചിപ്പികൾ കൂട്ടിച്ചേർക്കാൻ, എട്ടുവർഷത്തിനുശേഷം തൈക്കാട്‌ ശിശുക്ഷേമസമിതിയുടെ പടവുകൾ അവൻ വീണ്ടും കയറി. സനാഥത്വത്തിന്റെ വൻകരയിലേക്കെത്തിച്ച അച്ഛനമ്മമാരുടെ കൈപിടിച്ച്‌ രണ്ടുവയസ്സിലെ ഓർമകളിലേക്ക്‌ മടങ്ങി. 2018–ൽ അമേരിക്കൻ മലയാളി ദമ്പതികൾ ദത്തെടുത്ത കോളിൻ വർഗീസ്‌ ബുധനാഴ്ച രാവിലെയോടെയാണ്‌ സമിതിയിലെത്തിയത്‌. നെഞ്ചോടുചേർത്തു പരിപാലിച്ച സമിതിയിലെ അമ്മയെ ഒറ്റനോട്ടത്തിൽ ആ പത്തുവയസ്സുകാരൻ തിരിച്ചറിഞ്ഞു. അവരുടെ കണ്ണുകളിലെ നനവ്‌ മറ്റുള്ളവരിലേക്കും പടർന്നു. സമിതിയിലെ മറ്റൊരു കുഞ്ഞിന്റെ ജന്മദിനാഘോഷത്തിലും കുടുംബം പങ്കുചേർന്നു. യുഎസിലെ ടെക്സസിലെ എയർ ട്രാഫിക് കൺട്രോളറായ സാബു വർഗീസും ഫിനാൻഷ്യൽ അനലിസ്റ്റായ ലീന വർഗീസുമാണ് കോളിന്റെ മാതാപിതാക്കൾ. സാബുവിന്റെയും ലീനയുടെയും മാതാപിതാക്കൾ കേരളത്തിൽനിന്ന് കുടിയേറിയവരാണ്‌. കോളിന്റെ മൂത്തസഹോദരൻ എയ്ഡനെ പുതുച്ചേരിയിൽനിന്നാണ് ജീവിതത്തിലേക്ക് ചേർത്തുവെച്ചത്. മക്കൾ വളരുമ്പോൾ തങ്ങളുടെ വേരുകളെക്കുറിച്ച് അജ്ഞരാകരുതെന്ന ദീർഘവീക്ഷണമാണ് ഇവരെ കേരളത്തിലെത്തിച്ചത്‌. ഏഴോ എട്ടോ വയസ്സുമുതൽ കോളിന്റെ മനസ്സിലുയർന്ന ‘താൻ ജനിച്ച മണ്ണ് എന്ന് കാണാനാകും' എന്ന ചോദ്യത്തിന് പത്തു വയസ്സാകുമ്പോൾ നാട്ടിലേക്ക് കൊണ്ടുപോകാമെന്ന് സാബു ഉറപ്പുനൽകിയിരുന്നു. അമേരിക്കയിൽ വേനലവധിയായതിനാലാണ്‌ ഇ‍ൗ മാസംതന്നെ പുറപ്പെട്ടത്‌. അനാഥത്വത്തിന്റെ സങ്കടങ്ങൾ അനുഭവിക്കുന്ന മറ്റ് കുട്ടികൾക്കും തങ്ങളെപ്പോലെ ഒരു പുതിയ ജീവിതം നൽകണമെന്ന വലിയൊരു സ്വപ്നമാണ് ഈ കുരുന്നുമനസ്സുകളിലിപ്പോഴുള്ളത്‌. ഭാവിയിൽ താനും ഒരു കുട്ടിയെ ദത്തെടുക്കുമെന്ന്‌ എട്ടാം ക്ലാസുകാരനായ എയ്ഡൻ പറഞ്ഞു. ശനിയാഴ്ച പോണ്ടിച്ചേരിയിലേക്ക് തിരിക്കുന്ന കുടുംബം, അവിടെ എയ്ഡൻ വളർന്ന കേന്ദ്രവും സന്ദർശിച്ച്‌ 11-ന് അമേരിക്കയിലേക്ക് മടങ്ങും. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി കോളിന് സ്നേഹോപഹാരമായി വൃക്ഷത്തൈ സമ്മാനിച്ചു. നിലവിലെ ഭരണസമിതി അധികാരത്തിൽ വന്നശേഷം 238 കുട്ടികളെയാണ് വിവിധ കുടുംബങ്ങളിലേക്ക് ദത്ത് നൽകിയത്. ഇതിൽ 30 പേർ വിദേശത്താണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home