ട്രാൻസ്‌പോർട്ട് ഭവൻ സമരം
സിഎംഡിയെ തടഞ്ഞു; സമരക്കാരെ അറസ്‌റ്റ് ചെയ്‌തു

കെഎസ്‌ആർടിഇഎ ട്രാൻസ്‌പോർട്ട് ഭവൻ സമരം സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം പുല്ലുവിള സ്റ്റാൻലി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
കെഎസ്‌ആർടിഇഎ (സിഐടിയു) ട്രാൻസ്‌പോർട്ട് ഭവനു മുന്നിലെ സമരക്കാരെ അറസ്‌റ്റ് ചെയ്‌ത് പൊലീസ്. അനിശ്ചിതകാല സമരത്തിന്റെ 31–ാം ദിവസമായ ചൊവ്വാഴ്‌ചയാണ് ഇതുവരെ തിരിഞ്ഞുനോക്കാത്ത സിഎംഡിയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും ചീഫ് ഓഫീസിലെത്തിയത്. ഇവരെ ജീവനക്കാർ തടഞ്ഞു. ഒടുവിൽ ഉദ്യോഗസ്ഥർ പൊലീസിന്റെ സഹായം തേടി. പൊലീസും ജീവനക്കാരും തമ്മിൽ ഉന്തും തള്ളലും വാക്കേറ്റവുമായി. ഇതോടെ 60 ജീവനക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കിയശേഷമാണ് ഉദ്യോഗസ്ഥർക്ക് ഓഫീസിൽ പ്രവേശിക്കാനായത്. സമരക്കാരുടെ മൈക്ക്‌സെറ്റ്, കസേര, ബാനർ എന്നിവ പൊലീസ് പിടിച്ചെടുത്തു. സമരം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. ഒന്പതുദിവസമായി ജീവനക്കാർ നിരാഹാരമിരുന്നിട്ടും അവഗണിക്കുന്നു. ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം. ചൊവ്വാഴ്‌ച സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റിയംഗം പുല്ലുവിള സ്റ്റാൻലി ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ, ട്രഷറർ പി എ ജോജോ, സംസ്ഥാന സെക്രട്ടറിമാരായ എസ് ആർ നിരീഷ്, എസ് സുജിത് കുമാർ, ഓർഗനൈസിങ് സെക്രട്ടറി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. കൊല്ലം, മലപ്പുറം ജില്ലകളിൽനിന്നുള്ള പ്രവർത്തകരാണ് പങ്കെടുത്തത്. സംസ്ഥാന സെക്രട്ടറിമാരായ ആർ ഹരിദാസ്, കെ സന്തോഷ് എന്നിവർ നിരാഹാരം അനുഷ്ഠിച്ചു. ബുധനാഴ്‌ച കണ്ണൂർ, തിരുവനന്തപുരം നോർത്ത് ജില്ലകളിൽനിന്നുള്ള പ്രവർത്തകർ സമരത്തിൽ പങ്കെടുക്കും. രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക, അർഹരായ മുഴുവൻ ജീവനക്കാർക്കും സ്ഥലംമാറ്റം അനുവദിക്കുക, സൗജന്യയാത്രയുടെ ബാധ്യത പൂർണമായും ഏറ്റെടുത്ത് അർഹമായ സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. സമരം ശക്തമാക്കി ബുധനാഴ്‌ച തൊഴിലാളികൾ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. രാവിലെ ഒന്പതിന് വർക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും.









0 comments