ചന്ദ്രനാഥൻ ഇനി ചട്ടന്പികളെ മെരുക്കും

കുങ്കി പരിശീലനം കഴിഞ്ഞ് കോട്ടൂർ ആന പരിപാലനകേന്ദ്രത്തിലെത്തിയ ചന്ദ്രനാഥ്
വിനീത് ഗോവിന്ദ്
Published on Jul 16, 2026, 12:00 AM | 1 min read
കാട്ടാക്കട
കോട്ടൂർ കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിലേക്ക് കുങ്കി പരിശീലനം കഴിഞ്ഞ് ചന്ദ്രനാഥ് എന്ന ആന തിരികെയെത്തി. മുത്തങ്ങയിൽനിന്നാണ് ഇവൻ ചൊവ്വ രാവിലെ എത്തിയത്. വിനു, അനീഷ് എന്നീ പാപ്പാന്മാരാണ് ചന്ദ്രനാഥിനെ മുത്തങ്ങയിൽ പരിശീലിപ്പിച്ചിരുന്നത്. കോട്ടൂരിലും ഇവർതന്നെയാകും പാപ്പാന്മാർ. 10 വർഷംമുമ്പാണ് കോട്ടൂരിൽനിന്ന് കുങ്കി പരിശീലനത്തിനായി ഇപ്പോൾ 35 വയസ്സുള്ള ചന്ദ്രനാഥിനെ മുത്തങ്ങയിലേക്ക് മാറ്റിയത്. തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ എസ് വി വിനോദിന്റെ നേതൃത്വത്തിൽ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിലെ ഡെപ്യൂട്ടി വാർഡൻ ജി ആർ അനീഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷിജു എസ് വി നായർ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. എസ് കെ അരുൺ കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ രാജേഷ്, റജി, ബീറ്റ് ഫോറസ്റ്റ് ഗാർഡുമാർ, പാപ്പാന്മാർ എന്നിവർ ചേർന്ന് പഴക്കുലയും ശർക്കരയും നൽകി ചന്ദ്രനാഥിനെ സ്വീകരിച്ചു. 15 ആനകളാണ് ഇപ്പോൾ കാപ്പുകാടുള്ളത്. ഇതിൽ 10 വയസ്സിനുതാഴെ 5 കൊന്പനാനക്കുട്ടികളുണ്ട്. അതിൽ ഏറ്റവും പ്രായം കുറഞ്ഞത് 6 വയസ്സുള്ള ആനയാണ്. പ്രായം ഏറ്റവും കൂടുതൽ സോമൻ (86). ഈ ആനയാണ് ഏഷ്യയിൽ ഏറ്റവും പ്രായക്കൂടുതലുളള ആനയും. ഇവൻ ഉടൻ ഗിന്നസിലും ഇടം പിടിക്കും.











0 comments