ad
Deshabhimani

അങ്കണവാടി കിറ്റിലെ തിരിമറി
സിഡിപിഒയ്‌ക്ക്‌ സസ്‌പെൻഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 29, 2026, 11:51 PM | 1 min read

തിരുവനന്തപുരം

അങ്കണവാടികൾവഴി വിതരണംചെയ്‌ത ക്ഷേമ കിറ്റിലും പ്രീ സ്‌കൂൾ കിറ്റിലും ലക്ഷങ്ങളുടെ അഴിമതി നടത്തിയ സിഡിപിഒയ്‌ക്ക്‌ സസ്‌പെൻഷൻ. അർബൻ 3 ഐസിഡിഎസ്‌ പ്രോജക്ടിൽ തിരിമറി കാട്ടിയ സജിത എൻ നായരെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. മുലയൂട്ടുന്ന അമ്മമാരുടെയും ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമത്തിലായിരുന്നു കൈയിട്ടുവാരൽ. ഭക്ഷ്യ കിറ്റുകൾ കാലപ്പഴക്കം ചെന്നതും ചെള്ളരിച്ചതുമായിരുന്നു. ഭക്ഷ്യസാധനങ്ങളിലും പഠനോപകരണങ്ങളിലും യഥാർഥ വിലയെഴുതിയ സ്റ്റിക്കറിനുമുകളിൽ ഇരട്ടിയിലധികം വില രേഖപ്പെടുത്തി വ്യാജ സ്റ്റിക്കർ പതിച്ചു. അഞ്ചുലക്ഷത്തിനു മുകളിലുള്ള ഇടപാടിന്‌ ഇ–ടെൻഡർ നൽകണമെന്ന ഉത്തരവ് പാലിച്ചിട്ടില്ല. ടെൻഡർ വിളിക്കാതെ അഴിമതിക്ക്‌ കൂട്ടുനിൽക്കുന്നയാളിന്‌ വിതരണച്ചുമതല നൽകി. 3000 രൂപയുടെ പ്രീസ്‌കൂൾ കിറ്റാണ്‌ നൽകിയത്‌. അഞ്ചുലക്ഷത്തിനു മുകളിലുള്ള ഇടപാടിൽ ഒരുലക്ഷത്തിന്റെ അഞ്ചു ബില്ലാക്കിയാണ്‌ തുക മാറിയെടുത്തതെന്നും കണ്ടെത്തി. പോഷകാഹാരം ഉറപ്പാക്കേണ്ടയിടത്താണ്‌ കേടായ ഉൽപ്പന്നം വിതരണം ചെയ്‌തത്‌. ചോദ്യംചെയ്‌ത ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്ഥലംമാറ്റുകയും ചെയ്‌തിരുന്നു. വാർത്ത പുറത്തായതോടെ പിടിക്കപ്പെടുമെന്നായപ്പോൾ ചില അങ്കണവാടികളിൽ പകരം സാധനമെത്തിച്ച്‌ തടിതപ്പാനും ശ്രമിച്ചു. അട്ടപ്പാടിയിൽ സിഡിപിഒ ചുമതലയിലിരുന്നപ്പോൾ എസ്‌സി ഫണ്ട്‌ തട്ടിച്ചെന്ന ആരോപണവും ഇവർക്കെതിരെ ഉയർന്നിരുന്നു. അങ്കണവാടികൾക്ക്‌ വിതരണം ചെയ്യേണ്ട ബെഡ്‌ഷീറ്റും കളിപ്പാട്ടങ്ങളും പൂഴ്‌ത്തിവച്ചു. സിൽബന്തിയായ ഉദ്യോഗസ്ഥനെ ഉപയോഗിച്ച്‌ ഇവ വിതരണം ചെയ്യാതെ കടത്തിയെന്നും അധ്യാപികമാർ പരാതി പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തി തട്ടിപ്പ്‌ പുറത്തുകൊണ്ടുവരണമെന്നാണ്‌ ആവശ്യം. സപ്ലൈകോവഴി വാങ്ങി വിതരണം നടത്തിയ ഭക്ഷ്യസാധനം കേടായതുസംബന്ധിച്ച്‌ വനിതാ ശിശുവികസന ഡയറക്ടറോട്‌ മന്ത്രി റിപ്പോർട്ട്‌ തേടി. വിതരണ ഏജൻസിയെ കരിന്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home