ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍


സ്വന്തം ലേഖകൻ
Published on Sep 28, 2026, 12:00 AM | 1 min read
തിരുവനന്തപുരം
ജില്ലയിലെ തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്‌ച നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ (4), ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ (14), വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷൻ (7), മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്‌ക്കൽ വാർഡ് (16), തിരുപുറം പഞ്ചായത്തിലെ പഴയകട വാർഡ് (5) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. കല്ലറ, അഞ്ചുതെങ്ങ്, ഒറ്റൂർ ഡിവിഷനുകളിൽ ജനപ്രതിനിധികൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. മുണ്ടയ്‌ക്കലിൽ പഞ്ചായത്ത് അംഗം സർക്കാർ ജോലി ലഭിച്ച് രാജിവച്ചതിനാലും പഴയകടയിൽ ജനപ്രതിനിധി മരിച്ചതിനെ തുടർന്നുമാണ് ഉപതെരഞ്ഞെടുപ്പ്. കല്ലറയിൽ മാലിക് മാങ്കോട്, വർക്കല ബ്ലോക്ക് ഒറ്റൂർ ഡിവിഷനിൽ പി ബീന, ചിറയിൻകീഴ് ബ്ലോക്ക് അഞ്ചുതെങ്ങ് ഡിവിഷനിൽ എസ് ബിജിമോൾ, മംഗലപുരം പഞ്ചായത്ത് മുണ്ടയ്‌ക്കൽ വാർഡിൽ രമ്യ വി തുളസി, നെയ്യാറ്റിൻകര തിരുപുറം പഞ്ചായത്തിലെ പഴയകട വാർഡിൽ ജെ എസ് അജികുമാർ എന്നിവരാണ് എൽഡിഎഫ് സ്ഥാനാർഥികൾ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡ് പരിധിയിലുള്ള സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കൾ അവധിയാണ്. പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. പോളിങ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന വാർഡുകളിലും സമീപ വാർഡുകളിലും തിങ്കളാഴ്‌ചയും വോട്ടെണ്ണൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന വാർഡ് പരിധിക്കുള്ളിൽ ചൊവ്വാഴ്‌ചയും സമ്പൂർണ മദ്യനിരോധനം. തെരഞ്ഞെടുപ്പ് ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭിക്കും. തിരിച്ചറിയൽ രേഖകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ പോസ്റ്റ് ഓഫീസിൽനിന്ന് ആറു മാസത്തിനകത്ത് ലഭിച്ച ഫോട്ടോ പതിച്ച പാസ് ബുക്ക്, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ജീവനക്കാർ, എംഎൽഎ, എംപി എന്നിവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൂടി തിരിച്ചറിയൽ രേഖയായി അംഗീകരിച്ചിട്ടുണ്ട്.










0 comments