ad
Deshabhimani

ധനവകുപ്പ് ഉത്തരവിറക്കി

എംഎൽഎ ഫണ്ടിൽ ബസ്‌ നടപ്പാകുമോയെന്നത് സംശയം

KSRTC
avatar
സ്വന്തം ലേഖകൻ

Published on Sep 28, 2026, 12:30 AM | 1 min read

തിരുവനന്തപുരം : മണ്ഡലങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കേണ്ട എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽനിന്ന്‌ കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ അനുമതി നൽകി ധനവകുപ്പ് ഉത്തരവിറക്കി. ഒരു മണ്ഡലത്തിൽ പരമാവധി മൂന്ന് ബസുകൾ വരെ ഈ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങുന്നതിനാണ് അനുമതി. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ സർവീസിന്‌ ഈ ബസുകൾ വിനിയോഗിക്കാനും പുനർവിന്യസിക്കാനും കെഎസ്ആർടിസിക്ക് അധികാരം നൽകുന്നുണ്ട്. ബസുകളുടെ സർവീസ് വിഭാഗം നിശ്ചയിക്കാനും പുനർവിന്യസിക്കാനുമുള്ള പൂർണ അധികാരം കെഎസ്ആർടിസിക്ക് നൽകിയതാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്.

ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യമുള്ള സാഹചര്യത്തിൽ കൂടുതൽ ബസുകളും ഫാസ്റ്റ് പാസഞ്ചറാക്കി മാറ്റി പരമാവധി കളക്‌ഷനുവേണ്ടി ഉപയോഗിക്കാൻ സാധ്യതയുണ്ട്‌. ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ പ്രധാന പാതകളിലൂടെ മാത്രം കടന്നുപോകുന്നതിനാൽ ഉൾനാടൻ മേഖലകളിലെ വിദ്യാർഥികൾക്കും സാധാരണക്കാർക്കും ഉപയോഗപ്പെടില്ല. അതത് എംഎൽഎമാരുമായി കൂടിയാലോചിച്ച് മണ്ഡലത്തിലെ യാത്രക്കാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് പറയുന്നുണ്ടെങ്കിലും ബസുകളുടെ സർവീസ് വിഭാഗം, അലോട്ട്മെന്റ്, പുനർവിന്യാസം എന്നിവ സംബന്ധിച്ച അന്തിമ അധികാരം കോർപറേഷനായിരിക്കും.

ഇന്ധനം, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണികൾ, പ്രവർത്തനച്ചെലവ്‌ എന്നിവ കെഎസ്ആർടിസി നൽകേണ്ടിവരും. മോഡൽ, നികുതികളും രജിസ്ട്രേഷൻ ചാർജും തുടങ്ങി ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക കെഎസ്ആർടിസി സിഎംഡി 30-നകം എംഎൽഎമാർക്ക് നൽകണമെന്ന് ഉത്തരവിൽ പറയുന്നു. പദ്ധതിയിൽ ബസ് നൽകാൻ തയ്യാറുള്ള ജനപ്രതിനിധികൾ വിഹിതം അനുവദിച്ച് ഒക്ടോബർ 15-നകം കലക്ടർമാർക്ക് നിർദേശം കൈമാറണം. തുക ലഭ്യമാണെന്ന് ഉറപ്പുവരുത്തി ഏഴ് ദിവസത്തിനകം കലക്ടർമാർ പദ്ധതിക്ക് ഭരണാനുമതി നൽകണം. ഇതിനുശേഷം ടെൻഡർ വഴി കെഎസ്‌ആർടിസിക്ക്‌ ബസുകൾ വാങ്ങാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home