വിജ്ഞാന വികാസിനി – കൊല്ലശേരിൽമുക്ക് റോഡിൽ യാത്രാദുരിതം

ചേപ്പാട് പഞ്ചായത്തിലെ വിജ്ഞാനവികാസിനി- ‑ കൊല്ലശേരിൽമുക്ക് റോഡ് തകര്‍ന്ന നിലയില്‍
കാർത്തികപ്പള്ളി
ചേപ്പാട് പഞ്ചായത്തിലെ വിജ്ഞാനവികാസിനി – മുട്ടം മഹാദേവക്ഷേത്രം – കൊല്ലശേരിൽമുക്ക് റോഡ് തകർന്നു. വിജ്ഞാനവികാസിനിയിൽനിന്ന് തുടങ്ങി 42–-ാം നമ്പർ അങ്കണവാടി വഴി മുട്ടം മഹാദേവക്ഷേത്രത്തിന് സമീപത്തുകൂടി കൊല്ലശേരിൽ മുക്കിലേക്ക് പോകുന്ന പ്രധാന റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. പ്രദേശത്തെ അഞ്ഞൂറോളം കുടുംബം നിത്യേന ആശ്രയിക്കുന്ന റോഡാണിത്. മന്ത്രി രമേശ് ചെന്നിത്തലയുടെ 2015 –-16 ആസ്‌തിവികസന ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് ടാർ ചെയ്‌തത്. എന്നാൽ പണി പൂർത്തിയായി മാസങ്ങൾക്കകംതന്നെ ടാറിങ് പൂർണമായും ഇളകി. അന്ന് നിർമാണത്തിലെ അപാകതകളെക്കുറിച്ചും നിലവാരമില്ലായ്‌മയെക്കുറിച്ചും നാട്ടുകാർ വ്യാപക പരാതി ഉയർത്തിയെങ്കിലും നടപടി ഉണ്ടായില്ല. അഞ്ച് മീറ്ററോളം വീതിയുള്ള റോഡിൽ ഇപ്പോൾ മെറ്റലുകൾ ഇളകി വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്. ഇതിന് പുറമെ റോഡിന്റെ ഇരുവശങ്ങളിലും കാടുകയറി മൂടിയതോടെ കാഴ്‌ച മറഞ്ഞു. ഇഴജന്തുക്കളെ ഭയന്നാണ് കാൽനടയാത്രക്കാർ റോഡിലൂടെ നടക്കുന്നത്. വിജ്ഞാനവികാസിനി –- മുട്ടം മഹാദേവക്ഷേത്രത്തിന് ഇടയിലുള്ള കലുങ്കിന് ഇരുവശങ്ങളിലും കൈവരികളില്ലാത്തതും വലിയ അപകടഭീഷണിയായി. രാത്രി വെളിച്ചക്കുറവ് കാരണം നിയന്ത്രണംതെറ്റി ബൈക്ക് യാത്രക്കാരും സൈക്കിൾ യാത്രക്കാരും തോട്ടിലേക്ക് മറിഞ്ഞുവീഴുന്നത് നിത്യസംഭവമായി. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒപ്പുശേഖരണം നടത്തി എംഎൽഎയ്‌ക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.









0 comments