ആറാട്ടുപുഴ കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ അംഗീകാരം

ആറാട്ടുപുഴ കുടുംബാരോഗ്യകേന്ദ്രം
കാർത്തികപ്പള്ളി
ആറാട്ടുപുഴ കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ ഗുണനിലവാര ഉറപ്പ് മാനദണ്ഡമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്‌റ്റാൻഡേഡ്‌സിന്റെ (എൻക്യുഎഎസ്) അംഗീകാരം. വിലയിരുത്തലിൽ 94.72 ശതമാനം സ്‌കോർ നേടിയാണ് നേട്ടം. രോഗീസൗഹൃദ അന്തരീക്ഷം, ശുചിത്വം, അണുബാധ നിയന്ത്രണം, മരുന്നുകളുടെ ലഭ്യതയും സുരക്ഷിതസംഭരണവും, ലബോറട്ടറി സേവനങ്ങൾ എന്നിവ മികച്ച രീതിയിൽ നടത്താനായി. രോഗികൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുന്നതിനായി വിവിധ പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. രോഗികളുടെ അവകാശങ്ങൾ, രേഖകളുടെ പരിപാലനം, ജീവനക്കാരുടെ പരിശീലനം തുടങ്ങിയവയിലും മികവ് കാട്ടി. സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനവും നിരന്തരമായ ഗുണനിലവാര മെച്ചപ്പെടുത്തലുമാണ് അംഗീകാരത്തിലേക്കെത്താൻ സഹായകരമായത്. പ്രാഥമികാരോഗ്യ സേവനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്ക് മികച്ചതും സുരക്ഷിതവും സമയബന്ധിതവുമായ ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.









0 comments