ബസ് നിയന്ത്രണം വിട്ടു; വൻ അപകടം ഒഴിവായി

നെയ്യാറ്റിൻകരയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്
നെയ്യാറ്റിൻകര
നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്ന് സ്കൂട്ടർ തകർന്നു. നെയ്യാറ്റിൻകര എസ്ബിഐ ജങ്‌ഷന് സമീപം വെജിറ്റബിൾ മാർക്കറ്റിന് മുന്നിലായിരുന്നു അപകടം. കളിയിക്കാവിളയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പാറശാല ഡിപ്പോ ബസാണ് അപകടത്തിലായത്. റോഡിന്റെ ഇടതുവശത്ത് നിർത്തിയിട്ട ലോറിയെ മറികടക്കുന്നതിനിടെ എതിരെനിന്ന് മറ്റൊരു ബസ് എത്തിയതോടെ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. ചാറ്റൽ മഴയെത്തുടർന്ന് ബസ് തെന്നി റോഡിന് കുറുകെ നിന്നു. പച്ചക്കറിക്കടയ്ക്കു മുന്നിൽ നിർത്തിയിരുന്ന ഗ്രാമം സ്വദേശി സത്യദാസിന്റെ ആക്ടീവയിൽ ഇടിച്ചു. ആക്ടീവ പൂർണമായും തകർന്നു. സമീപം നിർത്തിയിരുന്ന രണ്ട് സ്‌കൂട്ടറിലും ബസ് തട്ടി തകരാറുണ്ടാക്കി. അപകടസമയത്ത് സ്കൂട്ടർ യാത്രക്കാർ സമീപത്തെ കടയിലായിരുന്നതിനാൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് തടസ്സപ്പെട്ട ഗതാഗതം പൊലീസ് ഇടപെട്ടാണ് പുനഃസ്ഥാപിച്ചത്.










0 comments