മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്‌സ്
കോണ്‍ക്രീറ്റ് പാളി റോഡിലേക്ക് അടര്‍ന്നുവീണു; ഒരാൾക്ക് പരിക്ക്

മുനിസിപ്പല്‍ ഷോപ്പിങ് കോപ്ലക്സിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ റോഡിൽ തകർന്ന് വീണ നിലയിൽ
കോതമംഗലം
മുനിസിപ്പൽ സ്വകാര്യ ബസ്‌സ്‌റ്റാൻഡിനോട് ചേര്‍ന്നുള്ള മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്സിന്റെ മുകള്‍ഭാഗത്തുനിന്ന് വലിയൊരുഭാഗം കോണ്‍ക്രീറ്റ്പാളി റോഡിലേക്ക് അടര്‍ന്നുവീണു. സ്‌കൂളുകളും കോളേജുകളും അവധിയായതിനാൽ വൻദുരന്തം ഒഴിവായി.
വെള്ളിയാഴ്ച രാവിലെ ഏഴിനാണ് സംഭവം. കെട്ടിടത്തില്‍ത്തന്നെ തട്ടി ചിതറിയാണ് താഴേക്കുവീണത്. കുട ചൂടി നടന്നുപോകുകയായിരുന്ന മാതിരപ്പിള്ളി കൊരട്ടികുന്നേല്‍ മാത്യൂസിന് പരിക്കേറ്റു. കുട തകര്‍ന്ന് കോണ്‍ക്രീറ്റ് മാത്യൂസിന്റെ തലയില്‍ പതിച്ചു.
മാര്‍ ബസേലിയോസ് ആശുപത്രിയില്‍ ചികിത്സതേടിയ മാത്യൂസിന്, തലയില്‍ ഏഴ് തുന്നലുണ്ട്. തയ്യല്‍ത്തൊഴിലാളിയായ മാത്യൂസ്, ബസില്‍നിന്നിറങ്ങി സ്ഥാപനത്തിലേക്ക് പോകുമ്പോഴാണ് അപകടം.
കോണ്‍ക്രീറ്റ് പാളി വീഴുമ്പോള്‍ പൂപ്പാറയ്‌ക്കുള്ള ‘ജയന്‍’ ബസ് കടന്നുപോകുന്നുണ്ടായിരുന്നു. ബസിന്റെ മുന്‍ഭാഗത്തെ സൈഡ് ഗ്ലാസ് അവശിഷ്ടംവീണ് തകര്‍ന്നു. വാതിലിന്റെ ഭാഗത്തും അവശിഷ്ടം വീണിരുന്നു. റോഡില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്ന സമയത്താണ് കോണ്‍ക്രീറ്റ് പാളി നിലംപൊത്തിയത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ഷോപ്പിങ് കോംപ്ലക്സ്. ബലക്ഷയം സംഭവിച്ച് തകര്‍ച്ച തുടങ്ങിയിട്ട് കുറച്ചുകാലമായി.
ഇതിനുമുമ്പും കോണ്‍ക്രീറ്റ് പാളികള്‍ നിലംപൊത്തിയിട്ടുണ്ട്. അടര്‍ന്നുവീഴാവുന്ന അവസ്ഥയില്‍ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍ ഇനിയുമുണ്ട്. സംഭവത്തെത്തുടര്‍ന്ന് മുനിസിപ്പാലിറ്റിയുടെ എൻജിനീയറിങ് വിഭാഗം കെട്ടിടം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തരമായി വേണ്ട അറ്റകുറ്റപണി ഉടന്‍ നടത്താനാണ് തീരുമാനം. പിന്നീട് ആവശ്യമെന്നുകണ്ടാല്‍ പൊളിച്ചുനീക്കി പുതിയ ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കണമെന്ന് ആവശ്യമുയർന്നു.










0 comments