കാണാതായ യുവാവിന്റെ മൃതദേഹം താമ്രപർണിനദിയിൽ

അതുൽ
സ്വന്തം ലേഖകൻ
Published on Aug 01, 2026, 12:06 AM | 1 min read
പാറശാല
കാപ്പ കേസിൽ പ്രതിയായ അയിര സ്വദേശിയെ തമിഴ്നാട്ടിൽ താമ്രപർണിനദിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ശിവസേനയുടെ കേരളഘടകം പ്രസിഡന്റായ അയിര വെളിയങ്കോട്ടുകോണം സികെ സദനത്തിൽ അതുലാണ് (32) മരിച്ചത്. വെള്ളി വൈകിട്ട് മാർത്താണ്ഡം കണ്ണക്കോട് താമ്രപർണി പാലത്തിനുസമീപത്താണ് മൃതദേഹം കണ്ടെത്തിയത്. കുഴിത്തുറയിൽ സുഹൃത്തിന്റെ കുടുംബത്തിലെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുക്കാൻ 27ന് വീട്ടിൽനിന്ന് പോയ ഇയാൾ മടങ്ങിയെത്തിയില്ല. രണ്ട് ദിവസമായി അപരിചിതമായ കാർ ചിതറാലിന് സമീപത്തുകണ്ട നാട്ടുകാർ അരുമന പൊലീസിൽ അറിയിച്ചു. കാറിന്റെ മുന്നിലും പിന്നിലും ശിവസേന പ്രസിഡന്റ് എന്ന സ്റ്റിക്കർ പതിച്ചിരുന്നു. സുഹൃത്തിനെ ബന്ധപ്പെട്ടപ്പോൾ രണ്ടുദിവസമായി അതുലിനെ കാണാനില്ലെന്ന് പറഞ്ഞതോടെ പൊലീസ് സമീപസ്റ്റേഷനുകളിൽ വിവരം കൈമാറി. കാർ കിടന്ന സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. തലമുടി വടിച്ച് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു മൃതദേഹം. കന്യാകുമാരി എസ്‌പി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മൃതദേഹം നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. 28ന് പകൽ മൂന്നിന് മാർത്താണ്ഡത്തെ ബാറിൽ അതുലും നാല് സുഹൃത്തുക്കളും ചേർന്ന് മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് ഇയാളെ കാണാതായത്. കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. നിരവധി കേസിൽ പ്രതിയായ അതുൽ പൊഴിയൂർ സ്റ്റേഷനിൽ ഗുണ്ടാലിസ്റ്റിൽപ്പെട്ട ആളാണ്. അമ്മ ഷൈലജ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ചെങ്കവിള വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. അച്ഛൻ: സുധീശൻ.










0 comments