സുരക്ഷാ വേലികൾ തകർന്നിട്ടും നടപടിയില്ല; ജനം ഭീതിയിൽ

അഞ്ചൽ
കാട്ടുപോത്തും ആനയും അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ സ്ഥാപിച്ച സൗരവേലികൾ തകർന്നിട്ടും നടപടിയില്ല. ഇതുമൂലം വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ യഥേഷ്ടം കയറി ഇറങ്ങുകയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും കാട്ടുപോത്ത് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയാണ്. ജനങ്ങളെ ആക്രമിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു പ്രതിരോധ നടപടികളും ഉണ്ടായിട്ടില്ല. കാട്ടുപോത്തുകളെ തടയുന്നതിനുള്ള പ്രധാന പോംവഴിയാണ് സൗരവേലി. ഇത് തകർന്നതോടെയാണ് പോത്തുകൾ കൂട്ടമായി ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താൻ തുടങ്ങിയത്. ഇപ്പോൾ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ജനം. കാട് മൂടൂകയോ വള്ളിച്ചെടികൾ പടർന്ന് കയറുകയോ ചെയ്താൽ സൗരവേലികൾ പ്രവർത്തന രഹിതമാകും. വനാതിർത്തിയിലുള്ള വേലികൾ മിക്ക സ്ഥലങ്ങളിലും കാട് മൂടിയ അവസ്ഥയിൽ പ്രവർത്തന രഹിതമാണ്. എത്രയും വേഗം സൗരവേലികൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കണമെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നും കുളത്തൂപ്പുഴ നിവാസികൾ ആവശ്യപ്പെട്ടു.










0 comments