എലപ്പുള്ളിയിൽ നിലക്കടലക്കൃഷി തിരികെയെത്തുന്നു

സ്വന്തം ലേഖകൻ
Published on Aug 01, 2026, 01:37 AM | 1 min read
എലപ്പുള്ളി
ഒരുകാലത്ത് നിലക്കടല കൃഷിയാൽ സമ്പന്നമായ എലപ്പുള്ളി പഞ്ചായത്തിൽ വീണ്ടും നിലക്കടല കൃഷി സജീവമാക്കുന്നു. നാഷണൽ മിഷൻ ഓൺ എഡിബിൾ ഓയിൽസ് - ഓയിൽ സീഡ്സ് പദ്ധതിപ്രകാരം കൃഷിഭവന്റെ നേതൃത്വത്തിലാണ് 112 ഏക്കർ നിലക്കടല കൃഷി ആരംഭിക്കുന്നത്. കദ്രി ലിപാക്ഷി, വി ആർ -10, ടിഎംയു-14, ടിസിജിഎസ്-1694 എന്നീ ഇനങ്ങളിൽപ്പെട്ട അത്യുൽപ്പാദന ശേഷിയുള്ള വിത്തുകളാണ് കർഷകർക്ക് വിതരണം ചെയ്യുക. പഞ്ചായത്തിലെ വിവിധയിടങ്ങളിൽ പത്ത് വർഷം മുന്പുവരെ നിലക്കടല കൃഷി വ്യാപകമായിരുന്നു. പിന്നീട് വിവിധ കാരണങ്ങൾ കൊണ്ട് കർഷകർ കൃഷി ഉപേക്ഷിച്ചു. പിന്നീട് ലൊക്കേഷൻ സ്പെസിഫിക് പദ്ധതിയിലുൾപ്പെടുത്തി കടലകൃഷി നിലനിർത്താനാവശ്യമായ പദ്ധതികൾക്കുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. നിലക്കടല കൃഷിയുടെ വിവിധ വശങ്ങൾ, ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന പരിശീലന പരിപാടിയും കർഷകർക്കായി സംഘടിപ്പിക്കുന്നുണ്ട്. തുടർന്ന് നിലക്കടല കർഷകരുടെ കൃഷിയിടത്തിലെ മണ്ണ് ശാസ്ത്രീയമായി പരിശോധിച്ച് സോയിൽ ഹെൽത്ത് കാർഡ് നൽകും. ഈ ബൃഹത്ത് പദ്ധതിക്ക് ഏറെ പ്രതീക്ഷയോടെയാണ് കർഷകർ കാത്തിരിക്കുന്നത്. പഞ്ചായത്തിൽ നടന്ന സംയുക്ത കർഷകയോഗം പ്രസിഡന്റ് പി സി ബിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ സുരേഷ്കുമാർ അധ്യക്ഷനായി. കൃഷി ഓഫീസർ ബി എസ് വിനോദ്കുമാർ, സ്ഥിരം സമിതി ചെയർമാന്മാരായ സി മുരളീകുമാർ, ഡി ധന്യ എന്നിവർ സംസാരിച്ചു.










0 comments