ഇസ്രയേലിലേക്ക് വിസ വാഗ്ദാനം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഭർത്താവും 1.10 കോടി രൂപ തട്ടി

കഴക്കൂട്ടം
ഇസ്രയേലിലേക്ക് തൊഴിൽ വിസ സംഘടിപ്പിച്ചുതരാമെന്നു പറഞ്ഞ് 14 ഉദ്യോഗാർഥികളിൽനിന്നായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഭർത്താവും ചേർന്ന് 1.10 കോടി രൂപ തട്ടിയെന്ന് പരാതി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസിനും ഭർത്താവ് ജയപാലൻ റൊസാരിയോക്കുമെതിരെ പിഎംജിയിലെ സ്വകാര്യ കൺസൾട്ടൻസി സ്ഥാപന നടത്തിപ്പുകാരാണ് ഡിജിപി, കമീഷണർ, കന്റോൺമെന്റ് അസി. കമീഷണർ, കഠിനംകുളം പൊലീസ് എന്നിവർക്ക് പരാതി നൽകിയത്. ഒരു ഉദ്യോഗാർഥിയിൽനിന്ന് 7,85,000 രൂപയാണ് തട്ടിയത്. പണം കൈപ്പറ്റിയെന്ന് മുദ്രപത്രത്തിൽ റൊസാരിയോ എഴുതി നൽകുകയും ചെയ്‌തിരുന്നു. കരാറിൽ പറഞ്ഞ തീയതിക്കുള്ളിൽ വിസ നൽകിയില്ല. കൈപ്പറ്റിയ പണം തിരികെ നൽകാനും തയ്യാറായില്ല. കഴക്കൂട്ടത്തെ ട്രാവൽസിൽ അന്വേഷിച്ച് എത്തിയപ്പോൾ സ്ഥാപനം പൂട്ടി റൊസാരിയോ ഫോൺ സ്വിച്ച്ഓഫ് ചെയ്‌ത് മുങ്ങി. കമീഷണർക്ക് നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസ് റൊസാരിയോയെ വിളിച്ചുവരുത്തുകയും 11 ദിവസത്തിനകം കൈപ്പറ്റിയ മുഴുവൻ തുകയും തിരികെ നൽകണമെന്നും ഒപ്പിട്ടുനൽകി. ഉദ്യോഗാർഥികളിൽനിന്ന് പണവും പാസ്പോർട്ടും വാങ്ങിയെടുക്കാൻ സമ്മർദം ചെലുത്തിയത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസാണെന്നും പരാതിയിൽ പറയുന്നു. രാഷ്ട്രീയ സ്വാധീനത്താൽ പരാതി അട്ടിമറിക്കാനാണ് ശ്രമമെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു.









0 comments