കൊലപാതകശ്രമം
ബിജെപി സംസ്ഥാന സെക്രട്ടറിയുടെ ഡ്രൈവറെ രക്ഷിക്കാൻ ഉന്നത ഇടപെടൽ

ബിജെപി സംസ്ഥാന സെക്രട്ടറി എം പി അഞ്‌ജനയോടൊപ്പം കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനെ സ്വീകരിക്കുന്ന ശ്യാംകുമാർ (ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച ചിത്രം)

സ്വന്തം ലേഖകൻ
Published on Jun 18, 2026, 12:48 AM | 1 min read
തിരുവനന്തപുരം
വധശ്രമക്കേസിൽ ജയിലിലായ ബിജെപി പ്രവർത്തകനെ രക്ഷിക്കാൻ ഇടപെട്ട് ഉന്നത നേതാക്കൾ. ബിജെപി സംസ്ഥാന സെക്രട്ടറിയും നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലക്കാരിയുമായിരുന്ന എം പി അഞ്‌ജനയുടെ ഡ്രൈവർ തുറുവിക്കൽ സ്വദേശി എസ് ശ്യാംകുമാറാണ് വധശ്രമക്കേസിൽ പിടിയിലായത്. ചുള്ളിമാനൂർ സ്വദേശിയായ യുവാവിനെ വധിക്കാൻ ശ്രമിച്ചകേസിലാണ് ഇയാളെ കഴിഞ്ഞമാസം മെഡിക്കൽ കോളേജ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കേസ് ഒത്തുതീർപ്പാക്കുന്നതിനും ശ്യാംകുമാറിനെ രക്ഷപ്പെടുത്തുന്നതിനും ഉന്നതരായ ബിജെപി നേതാക്കൾ പൊലീസിനുമേൽ സമ്മർദം ചെലുത്തുന്നതായാണ് സൂചന. ബിജെപി അഖിലേന്ത്യ നേതാക്കളും കേന്ദ്രമന്ത്രിമാരുമുൾപ്പെടെ കേരളത്തിലെത്തുന്പോൾ സ്വീകരിക്കാൻ ശ്യംംകുമാറിന് അവസരം നൽകാറുണ്ടായിരുന്നു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എത്തിയപ്പോൾ അഞ്‌ജനയോടൊപ്പം ശ്യാംകുമാറും സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലുണ്ട്. കാപ്പ കേസിൽ ജയിലിലായ വാഴോട്ടുകോണം കൗൺസിലർ ആർ സുഗതനെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സുഗതനെ സംരക്ഷിക്കുംപോലെ ശ്യാമിനെയും സംരക്ഷിക്കാൻ ചിലനേതാക്കൾ ശ്രമിക്കുന്നതായി ബിജെപിക്കാർക്കിടയിൽ ആക്ഷേപമുയരുന്നുണ്ട്.










0 comments