പ്രവർത്തകയെ വീട്ടിൽ കയറി പീഡിപ്പിച്ച് ബിജെപി നേതാവ്

പാളയം/തിരുവനന്തപുരം
ബിജെപി പ്രവർത്തകയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത ബിജെപി നേതാവിനെതിരെ കേസ്. ബിജെപി ജില്ലാ നേതാവും വഞ്ചിയൂർ സ്വദേശിയുമായ സി പി സുനിൽ എന്ന വഞ്ചിയൂർ സുനിലിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, പണം തട്ടൽ ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് ചുമത്തിയത്. വഞ്ചിയൂർ സ്വദേശിയായ മഹിളാ മോർച്ച പ്രവർത്തകയാണ് പരാതി നൽകിയത്. സുനിലിന്റെ ഭാര്യയും ബിജെപി പ്രാദേശിക നേതാവുമായ ശോഭലത വഴിയാണ് സുനിലിനെ പരിചയപ്പെട്ടത്. പിന്നീട് സുനിൽ വീട്ടിൽ വരികയും മുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയുമായിരുന്നു. ബഹളം കേട്ട് സ്ത്രീയുടെ മകനും അമ്മയും ഓടിയെത്തിയാണ് സുനിലിനെ പുറത്താക്കിയത്. അമ്മൂമ്മയുടെ മരണ സർട്ടിഫിക്കറ്റ് ശരിയാക്കി നൽകാമെന്നും അമ്മയ്ക്കും ബന്ധുക്കൾക്കും പെൻഷൻ ശരിയാക്കി നൽകാമെന്നും വിശ്വസിപ്പിച്ച് സുനിൽ 5000 രൂപ വാങ്ങി. തിരിച്ച് നൽകാമെന്ന് പറഞ്ഞ് അര പവൻ തൂക്കം വരുന്ന രണ്ട് ജോടി കമ്മലും ഒരു പവൻ വളയും കൈപ്പറ്റി. സ്വർണാഭരണങ്ങളും പണവും തിരികെ ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറുകയും പരാതി നൽകിയാൽ തന്നെയും കുടുംബത്തെയും ആക്രമിക്കുമെന്നും കൊല്ലുമെന്നും സുനിലും ഭാര്യയും ചേർന്ന് ഭീഷണിപ്പെടുത്തി. ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും യുവതി പറയുന്നു. സുനിലിനെതിരെ സമാനമായ പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഇയാളുടെ കേസ് ഒത്തുതീർപ്പാക്കാൻ ബിജെപി നേതാക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്.










0 comments