സർക്കാർ പറഞ്ഞു, നോ പ്രോബ്ലം
ബിജെപി കൗൺസിലർ പുറംലോകം കണ്ടു

തിരുവനന്തപുരം
കാപ്പ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ ആർ സുഗതൻ പുറംലോകം കണ്ടത് യുഡിഎഫ് സർക്കാരിന്റെ ആശീർവാദത്തോടെ. സംസ്ഥാനതലത്തിൽ നടക്കുന്ന യുഡിഎഫ്–ബിജെപി ഡീലിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സുഗതന് ജാമ്യം ലഭിച്ചത്. ജാമ്യം തടയാനാവശ്യമായ രേഖകൾ സർക്കാർ ഹാജരാക്കിയില്ല. ദുർബലമായ രേഖകൾ നൽകിയതിന് കോടതിയുടെ ശകാരവും കേട്ടു. രണ്ടു കാപ്പയും നിരവധി ക്രിമിനൽ കേസും സുഗതനുമേലുണ്ട്. കൗൺസിലറായശേഷവും ക്രിമിനൽകുറ്റങ്ങളിൽ ഏർപ്പെട്ടിരുന്നു. വധശ്രമക്കേസിൽ ഒളിവിൽ കഴിയവേയാണ് വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. പൊലീസ് ആകാശത്തേക്ക് വെടിവച്ചാണ് സംഘർഷം നിയന്ത്രിച്ചത്. മന്ത്രി കെ മുരളീധരൻ എതിർത്തെങ്കിൽ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പൊലീസിനൊപ്പം നിന്നു. മുരളീധരന് വിജയമൊരുക്കിയത് സുഗതനടക്കമുള്ള ബിജെപിക്കാരാണെന്ന് ആരോപണമുണ്ട്. പിന്നീട് സുഗതന്റെ പേരിൽ കോർപറേഷനിൽ നടന്ന സമരങ്ങളിൽ എൽഡിഎഫ് കൗൺസിലർമാരെ മേയറും സംഘവും ആക്രമിച്ചപ്പോഴും യുഡിഎഫ് പാർലമെന്ററി പാർടി ലീഡർ കെ എസ് ശബരീനാഥനെയും വനിതാ കൗൺസിലറെയും കൗൺസിൽ യോഗത്തിനിടെ ബിജെപിക്കാർ മർദിച്ചപ്പോഴും സർക്കാർ മൗനംപാലിച്ചു. ഒരുവർഷം തികയുംമുന്പേ ബിജെപി ഭരണസമിതിക്കെതിരെ നിരവധി പരാതികൾ എൽഡിഎഫും യുഡിഎഫും നൽകി. സർക്കാർ വിരലനക്കിയില്ല. തിരുവനന്തപുരം മ്യൂസിയം മാറ്റിസ്ഥാപിക്കുന്നതിൽപ്പോലും സർക്കാരും ബിജെപിയും ഒറ്റക്കെട്ടാണ്. ജയിലിൽ കിടക്കുന്ന കൗൺസിലർക്ക് ചട്ടങ്ങൾ ലംഘിച്ച് ആറുമാസം അവധി നൽകിയതും ഓണറേറിയം മുടങ്ങാതെ നൽകുന്നതും അറിഞ്ഞിട്ടും സർക്കാർ അനങ്ങിയില്ല. ആഭ്യന്തര, തദ്ദേശ മന്ത്രിമാർ ഫയൽ കണ്ടശേഷമാണ് അവധി അനുവദിക്കാനുള്ള അപേക്ഷയിൽ നടപടി സ്വീകരിച്ചത്. ചർച്ചയായപ്പോൾ ഉദ്യോഗസ്ഥയുടെ തലയിലിട്ട് തടിയൂരി. കണക്കോ രേഖകളോ ഇല്ലാതെ ‘മേയർ കെയർ’ എന്നപേരിൽ കോടികൾ പിരിക്കുന്നത് സംബന്ധിച്ച എൽഡിഎഫ് പരാതിയും സർക്കാർ മുക്കി. കാപ്പ നിയമമായതിനാൽ മൂന്നാംകക്ഷിക്ക് കേസിൽ ചേരാനാകില്ല. ആഭ്യന്തരവകുപ്പിൽനിന്ന് നൽകിയ രേഖകൾ പലതും അവ്യക്തമായിരുന്നു. ബിജെപി നേതൃത്വം പണമിറക്കി, സുപ്രീംകോടതിയിൽനിന്ന് വക്കീലിനെ കൊണ്ടുവന്നപ്പോൾ സർക്കാർ കാര്യമായ പ്രതിരോധമൊരുക്കാതെയും ബിജെപിയെ സഹായിച്ചു.








0 comments