അങ്കണവാടിയിൽ ബിജെപി ആക്രമണം

കഴക്കൂട്ടം
കാട്ടായിക്കോണം വാർഡിലെ അങ്കണവാടിയിൽ ബിജെപിക്കാർ അതിക്രമിച്ചുകയറി അങ്കണവാടി വർക്കറെയും ഹെൽപ്പറെയും അസഭ്യംപറഞ്ഞ് കൈയേറ്റം ചെയ്തതായി പരാതി. വാഴവിള അങ്കണവാടിയിലെ വർക്കർ ബേബി, ഹെൽപ്പർ സതികുമാരി എന്നിവരാണ് പോത്തൻകോട് പൊലീസിൽ പരാതി നൽകിയത്. ചൊവ്വ പകലാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന്റെ 25–-ാം വാർഷിക സന്ദേശം പ്രചരിപ്പിക്കാനും ടീച്ചറെ അനുമോദിക്കാനുമെന്നും പറഞ്ഞ് ബിജെപി– ആർഎസ്എസ് പ്രവർത്തകർ അങ്കണവാടിയിലെത്തിയത്. രാഷ്ട്രീയത്തിന് അതീതമായാണ് അങ്കണവാടികൾ പ്രവർത്തിക്കുന്നതെന്നും അനുമോദനങ്ങളും ആദരവുകളും സ്വീകരിക്കരുതെന്ന് സാമൂഹ്യനീതി വകുപ്പ് സർക്കുലർ ഉണ്ടെന്നും മറുപടി നൽകി. തുടർന്നാണ് ബിജെപി– ആർഎസ്എസ് പ്രവർത്തകർ മഹാദേവപുരം ഉണ്ണി, സോഹയിൽദാസ്, രേഷ്മ എസ് രാജ്, ശ്രീലജ, രജിത എന്നിവരുടെ നേതൃത്വത്തിൽ അങ്കണവാടിയിലേക്ക് ഇരച്ചുകയറി അസഭ്യം പറയുകയും അതിക്രമം നടത്തുകയും ചെയ്തത്. കുട്ടികളുടെ നിലവിളിയും കൂട്ടക്കരച്ചിലും കേട്ട് നാട്ടുകാർ ഓടിക്കൂടി പ്രതിഷേധിച്ചതോടെ അക്രമികൾ പിൻവാങ്ങി. ബിജെപി അതിക്രമത്തിനെതിരെ ശിശുക്ഷേമ സമിതിയിലും പോത്തൻകോട് പൊലീസിലും പരാതി നൽകിയെന്നും സർക്കാർ നടപടിയെടുക്കണമെന്നും കൗൺസിലർ സിന്ധു ശശി പറഞ്ഞു.









0 comments