എന്തൊരു ചേലാണ് വർക്കല

വർക്കല നഗരസഭയിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ മാലിന്യ സംസ്‌കരണ പ്ലാന്റ്
സുധീർ വർക്കല
Published on Nov 07, 2025, 12:00 AM | 1 min read
വർക്കല
കൃഷി, വിനോദ സഞ്ചാരം, സ്‌ത്രീ ശാക്തീകരണം... മികവോടെ മുന്നേറുകയാണ് വർക്കല നഗരസഭ. പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ വർക്കല കുതിപ്പിലാണ്. മാലിന്യമുക്ത നഗരത്തിനാണ് കൂടുതൽ പ്രാധാന്യം. സംസ്ഥാനത്തെ ആദ്യ സാനിറ്ററി വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിച്ചത് വർക്കല നഗരസഭയിലാണ്. പ്രതിദിനം അഞ്ച് ടൺ മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റിൽനിന്ന് 60 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. കെ എം ലാജി ചെയർപേഴ്‌സണും കുമാരി സുദർശിനി വൈസ് ചെയർപേഴ്സണുമായ നഗരസഭ ഭരണസമിതിയും ജീവനക്കാരും ഒത്തൊരുമിച്ചാണ് വികസനത്തിന് ചുക്കാൻ പിടിക്കുന്നത്. വനിതാ ശാക്തീകരണ മേഖലകളിലും നിരവധി പദ്ധതികൾ നടപ്പാക്കി. കുടുംബശ്രീ സംരംഭകർക്കായി 1.20 കോടി രൂപ നൽകി. വർക്കല റെയിൽവേ സ്റ്റേഷന് എതിർവശത്തായി 52 ലക്ഷം രൂപ ചെലവിലാണ് ഷീ ലോഡ്ജ് നിർമിച്ചത്. അഞ്ച് മുറികളും ജിംനേഷ്യവുമുണ്ട്. 1.77 കോടി ചെലവിൽ കണ്വാശ്രമത്ത് നിർമിച്ച പൊതുശ്മശാനം ഉടൻ ഉദ്ഘാടനം ചെയ്യും. 1.76 കോടി രൂപ ചെലവഴിച്ച് ടൗൺഹാൾ നിർമിച്ചു. ശുചിത്വത്തിൽ ദേശീയതലത്തിൽ ഇക്കുറി 157–-ാം റാങ്കുമായി വർക്കല നഗരസഭ തിളങ്ങി. ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർവൺ പദവി, ഒഡിഎഫ് പ്ലസ് സർട്ടിഫിക്കേഷൻ എന്നീ നേട്ടങ്ങളും നേടി. ആരോഗ്യവിഭാഗത്തിന്റെ സമയോചിതമായ ഇടപെടലുകളും ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും പ്രവർത്തനങ്ങളുമാണ് ശുചിത്വ നേട്ടത്തിന് പിന്നിലുള്ളതെന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ എം ലാജി പറഞ്ഞു.










0 comments