ad
Deshabhimani

ആറ്റുകാല്‍ 
ഉത്സവം 
ഇന്ന് സമാപിക്കും

attukal ponkala

പൊങ്കാല കഴിഞ്ഞ് കെഎസ്ആർടിസി ഇലക്ട്രിക് ബസിൽ മടങ്ങുന്നവർ

വെബ് ഡെസ്ക്

Published on Mar 03, 2026, 11:43 PM | 2 min read

തിരുവനന്തപുരം

ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്‌ ബുധനാഴ്ച കാപ്പഴിച്ച് കുടിയിളക്കുന്നതോടെ സമാപനമാകും. ബുധൻ രാവിലെ എട്ടിന് അകത്തെഴുന്നള്ളിപ്പ്‌, രാത്രി 9.45-ന് കാപ്പഴിക്കലിനുശേഷം നടയടക്കും. തുടര്‍ന്ന് 12.45-ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും. വ്യാഴം രാവിലെ ഏഴിനാണ് --പീന്നീട് നടതുറക്കുക. 11ന് ട്രസ്റ്റ് ജീവനക്കാരുടെ നേതൃത്വത്തില്‍ വിശേഷ പൂജയും പ്രസാദ ഊട്ടും നടത്തും.


സര്‍ക്കാര്‍ സ്‌കൂളില്‍ 
കോണ്‍ഗ്രസുകാരന്റെ പാര്‍ക്കിങ് കൊള്ള

തിരുവനന്തപുരം

പൊങ്കാലയ്ക്കെത്തിയ വിശ്വാസികളെ പിഴിഞ്ഞ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ അനധികൃത പാര്‍ക്കിങ് കൊള്ള. തമ്പാനൂര്‍ എസ്എംവി സ്കൂളാണ് പിടിഎ പ്രസി‍ഡന്റും കോണ്‍ഗ്രസ് പാച്ചല്ലൂര്‍ മണ്ഡലം പ്രസിഡന്റുമായ കര്‍ണനും പിടിഎ അംഗം ഹാഷിമും ചേര്‍ന്ന്‌ അനധികൃത പാര്‍ക്കിങ് കേന്ദ്രമാക്കിയത്. പാര്‍ക്കിങ്ങിന് അമിത ഫീസും ഈടാക്കി. സര്‍ക്കാര്‍ സ്കൂളുകളും പൊതു ഗ്രൗണ്ടുകളുമടക്കം വിശ്വാസികള്‍ക്കായി തുറന്നിടുന്ന തലസ്ഥാനത്താണ് പാച്ചല്ലൂര്‍ സ്വദേശിയായ കോണ്‍ഗ്രസ് മണ്ഡലം പ്രസി‍ഡന്റിന്റെ കുത്തിത്തിരിപ്പ്. തമ്പാനൂരിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആര്‍ ഹരികുമാറിന്റെ അടുത്ത സുഹൃത്താണ് കര്‍ണന്‍. ഇതിന്റെ പിന്‍ബലത്തിലാണ് സ്കൂള്‍ അധിക-ൃതര്‍പോലും അറിയാതെ സ്കൂളില്‍ പെയ്ഡ് പാര്‍ക്കിങ് നടത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് ഇവിടെയെത്തുന്ന വിശ്വാസികളില്‍നിന്ന് കര്‍ണനും ഹാഷിമും പിരിവ് ആരംഭിച്ചത്. പിടിഎ ഡെവലപ്പ്മെന്റ് ഫണ്ട് എന്ന പേരില്‍ രസീതും നൽകി. 300 മുതല്‍ ആയിരം രൂപ വരെയാണ് പാര്‍ക്കിങ്ങിന് ഈടാക്കിയത്. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നടക്കം എത്തിയവരാണ് അമിത ഫീസ് നൽകി വാഹനം പാര്‍ക്ക് ചെയ്തത്. എന്നാല്‍, സര്‍ക്കാര്‍ സ്കൂളില്‍ ഇത്തരത്തിലുള്ള പാര്‍ക്കിങ് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തമ്പാനൂര്‍ സിഐ സ്ഥലത്തെത്തി, ഇത്തരത്തില്‍ പാര്‍‌ക്കിങ് നടത്തരുതെന്ന് നിര്‍ദേശിച്ചു. സംഭവം വിവാദമായതോടെ കര്‍ണനെയും ഹാഷിമിനെയും കസ്റ്റഡിയിലെടുത്തു. പാര്‍ക്കിങ്ങിന്റെ പേരില്‍ ഈടാക്കിയ തുക തിരികെ വാഹന ഉടമകള്‍ക്ക് നല്‍കി. തിങ്കളാഴ്ച മുതല്‍ ഇവര്‍ സ്കൂളിനുള്ളിലേക്ക് പ്രവേശനം വിലക്കിയിരുന്നു. സ്കൂളിലെ സ്റ്റാഫിന്റെയടക്കം വാഹനം തടഞ്ഞതായും പരാതിയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പൊങ്കാലയുടെ തലേദിവസംമുതല്‍ വിശ്വാസികള്‍ക്ക് വസ്ത്രം മാറാനും ശുചിമുറി ഉപയോഗിക്കാനും വിശ്രമിക്കാനുമായി സ്കൂള്‍ തുറന്നു നല്‍കിയിരുന്നു. ഇത് പ്രതീക്ഷിച്ചെത്തിയവര്‍ക്കു മുന്നിലാണ് പിടിഎ എന്ന പേരില്‍ കോണ്‍ഗ്രസുകാര്‍ ഗേറ്റടച്ചത്.


തടസ്സമില്ലാതെ കുടിവെള്ളമെത്തിച്ച്‌ ജല അതോറിറ്റി വിതരണപോയിന്റുകളിൽനിന്ന് നൽകിയത്‌ 3,07,500 ലിറ്റർ വെള്ളം

തിരുവനന്തപുരം

ആറ്റുകാൽ പൊങ്കാലയ്ക്ക്‌ പരാതികളില്ലാതെ കുടിവെള്ളമെത്തിച്ച്‌ ജല അതോറിറ്റി. വിതരണ പോയിന്റുകളിൽനിന്ന് ടാങ്കർ ലോറികൾവഴി പൊങ്കാല ദിനത്തിൽമാത്രം ആകെ 3,07,500 ലിറ്റർ വെള്ളം വിതരണം ചെയ്തു. കോർപറേഷൻ 45 ടാങ്കറിലായി 2,01,000 ലിറ്റർ, ജല അതോറിറ്റി എട്ട്‌ ടാങ്കറിലായി 64,500 ലിറ്റർ, ഫയർഫോഴ്സ് ആറ്‌ ടാങ്കറിലായി 42,000 ലിറ്റർ എന്നിങ്ങനെയാണ്‌ വിതരണം ചെയ്‌തത്‌. വിതരണത്തിന്‌ തടസ്സം നേരിടാൻ സാധ്യതയുള്ള മേഖലകൾ മുൻകൂട്ടി കണ്ട് തിങ്കളാഴ്ച 228 ടാങ്കറിലായി 15 ലക്ഷത്തോളം ലിറ്റർ വെള്ളം ലഭ്യമാക്കി. പൈപ്പ് വഴിയും ജലം വിതരണം ചെയ്തു. പൊങ്കാലയോട് അനുബന്ധിച്ച് കുടിവെള്ള വിതരണം സുഗമമാക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ജല അതോറിറ്റി എംഡി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് യോഗം ചേർന്നിരുന്നു. നഗരത്തിലെ പ്രധാന പൈപ്പ്‌ലൈനുകൾ വഴിയുള്ള ജലവിതരണം തടസ്സപ്പെടാതിരിക്കാൻ പ്രത്യേക സംഘത്തെത്തന്നെ നിയോഗിച്ചു. മാതൃകാപരമായ നേട്ടം കൈവരിച്ച ജല അതോറിറ്റിയെ മന്ത്രി റോഷി അഗസ്റ്റിൻ അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home