ad
Deshabhimani

അച്ഛനെയും മകനെയും കൊല്ലാൻ ശ്രമം; പ്രതികൾ റിമാൻഡിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2026, 11:57 PM | 1 min read

കിളിമാനൂര്‍

വെള്ളല്ലൂരിൽ അച്ഛനെയും മകനെയും വട്ടവിളയിലെ പണിതരാത്ത വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച്‌ കൊല്ലാൻ ശ്രമിച്ച പ്രതികൾ റിമാൻഡിൽ. മുഖ്യപ്രതി മതിര തെറ്റിമുക്ക് കിഴക്കുംകര വീട്ടിൽ സുധീഷ് (28), കുമ്മിൾ തൃക്കണ്ണാപുരം അരുൺ ഭവനിൽ അരുൺ (21), കുമ്മിൾ കൊണ്ടോടി നമ്പലച്ചിറ വീട്ടിൽ ആരോമല്‍ (21), തൃക്കണ്ണാപുരം രാഹുൽ ഭവനിൽ ലാൽ കൃഷ്ണ (20) എന്നിവരാണ് ചിതറ സ്റ്റേഷനിൽ കീഴടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വടശേരിക്കോണം സ്വദേശി അനില്‍കുമാറിനെയും മകൻ അച്ചുവിനെയും സംഘം ഇടിമുറിയൊരുക്കി മർദിച്ചത്‌. അനിൽകുമാറിന്റെ മകളെ സുധീഷിന് വിവാഹം ചെയ്തുനൽകാത്ത വൈരാഗ്യത്തിലായിരുന്നു ആക്രമണം. വിളിച്ചുവരുത്തി താൻ നല്ലവനാണെന്ന് വരുത്തിത്തീർക്കുകയും വിശ്വസിച്ചില്ലെങ്കിൽ ഭീഷണിപ്പെടുത്തി വിവാഹത്തിന്‌ സമ്മതിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. ഇവർക്കായി പൊലീസ്‌ ലുക്ക‍ൗട്ട്‌ നോട്ടീസ്‌ ഇറക്കിയിരുന്നു. സംഭവത്തിനുശേഷം ബൈക്കുകൾ ഉപേക്ഷിച്ച് ഓട്ടോയിൽ സ്വന്തം നാട്ടിലെത്തിയ പ്രതികൾ കുളത്തൂപ്പുഴ ക്ഷേത്രപരിസരത്ത് രാത്രി തങ്ങി. പിറ്റേന്ന്‌ മധുര മീനാക്ഷി ക്ഷേത്രത്തിലും പഴനിയിലും എത്തി സുധീഷും അരുണും തല മൊട്ടയടിച്ചു. പൊലീസ്‌ അന്വേഷിക്കുന്നതറിഞ്ഞ സുധീഷ് ഒഴികെയുള്ളവർ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഗത്യന്തരമില്ലാതെ സുധീഷും പോന്നു. ഒരു ദിവസം തെന്മലയിൽ തങ്ങി. തിങ്കൾ പുലർച്ചെയോടെ നാട്ടിലെ അടഞ്ഞുകിടക്കുന്ന തെച്ചിമുക്ക് ക്വാറിയിലെത്തി. വൈകിട്ട് ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ സുധീഷിനെ തിരിച്ചറിഞ്ഞ കുമ്മിളിലെ നാട്ടുകാർ അയാളെ തടഞ്ഞുവച്ചു. ഓടി രക്ഷപ്പെട്ടതോടെ നാട്ടുകാർ പൊലീസിൽ അറിയിച്ചു. ആറ്റിങ്ങൽ സബ് ഡിവിഷനിലെ പൊലീസുകാർ നടത്തിയ തിരച്ചിലിൽ പിടിക്കപ്പെടുമെന്നായപ്പോൾ സുധീഷ് ഒഴികെയുള്ളവർ ചൊവ്വ രാവിലെ എട്ടോടെ ചിതറ സ്റ്റേഷനിൽ കീഴടങ്ങി. സുധീഷ് ഉച്ചയോടെയും കീഴടങ്ങി. ആറ്റിങ്ങൽ ഡിവൈഎസ്‌പി സന്തോഷ് കുമാർ, കിളിമാനൂർ സി ഐ നിസാര്‍, എസ്ഐ ഓസ്റ്റിന്‍ ഡി ഡെന്നിസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home