കുടിലിന് തീയിട്ട് മധ്യവയസ്‌കനെ അപായപ്പെടുത്താൻ ശ്രമം

കാക്കതൂക്കി മേല്‍മുട്ടൂര്‍ പ്ലാവില വീട്ടില്‍ രവീന്ദ്രന്റ കുടില്‍ തീയിട്ട് നശിപ്പിച്ച നിലയിൽ
വെള്ളറട
കാക്കതൂക്കിയിൽ കുടിലിന് തീയിട്ട് മധ്യവയസ്‌കനെ അപായപ്പെടുത്താൻ ശ്രമം. കാക്കതൂക്കി മേൽമുട്ടൂർ പ്ലാവിലവീട്ടിൽ രവീന്ദ്രന്റെ (58) കുടിലിനാണ് വെള്ളി രാത്രി അജ്ഞാതർ തീയിട്ടത്. ഗുരുതരമായി പൊള്ളലേറ്റ രവീന്ദ്രനെ വെള്ളറട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാൽപ്പതുവർഷമായി രവീന്ദ്രൻ ഒറ്റയ്ക്കാണ് താമസം. വർഷങ്ങൾക്കുമുമ്പ് ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയതോടെ പ്രദേശവാസികളുടെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. മഴക്കാലത്ത് മേൽക്കൂര തകർന്ന് ചോർന്നൊലിച്ചതിനെ തുടർന്ന്, തിരുവോണനാളിൽ നാട്ടുകാർ ചേർന്ന് മേൽക്കൂരയ്ക്ക് പോളിത്തീൻ ടാർപ്പായ കെട്ടിക്കൊടുത്തിരുന്നു. ഉറങ്ങിക്കിടക്കുന്നതിനിടെ മേൽക്കൂരയിലെ ടാർപ്പായ ഉരുകി ദേഹത്ത് വീണതോടെയാണ് കുടിലിന് തീപിടിച്ചത് രവീന്ദ്രൻ അറിഞ്ഞത്. നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികളാണ് തീയണച്ച് രവീന്ദ്രനെ ആശുപത്രിയിലെത്തിച്ചത്. മുതുകിലും തോളിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കട്ടിലും മെത്തയും വസ്ത്രങ്ങളുമടക്കം കത്തിനശിച്ചു. പുറത്തുനിന്നുള്ളവർ മനഃപൂർവം തീയിട്ടതാകാമെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം ചരുവിള രാജേഷ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു.










0 comments