print edition അനീതിയുടെ 100 ദിനങ്ങൾ: രണ്ടാം മെഡിക്കൽ കോളേജ്; പേരിട്ടു... ശുഭം

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി നൂറുദിനം പിന്നിടുമ്പോഴും പ്രഖ്യാപനത്തിലൊതുങ്ങി തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ്. ജനറൽ ആശുപത്രിയെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെയും സംയോജിപ്പിച്ച് മെഡിക്കൽ കോളേജാക്കി ഉയർത്തുമെന്നാണ് അധികാരത്തിലെത്തിയ ശേഷം ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞത്. കോളേജിന് കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രിയെന്ന് പേരിട്ട് 150 കോടി രൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെടുകയും ചെയ്തു. വരുന്ന അധ്യയന വർഷം മുതൽ തന്നെ 100 എംബിബിഎസ് സീറ്റുകളിൽ പ്രവേശനം നടത്തുമെന്നാണ് അവകാശപ്പെട്ടെങ്കിലും പ്രാഥമിക നടപടികൾ പോലും ഇതുവരെ തുടങ്ങിയിട്ടില്ല.
നാഷണൽ മെഡിക്കൽ കമീഷന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പ്രൊഫസർമാർ, അസോസിയേറ്റ് പ്രൊഫസർമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കുകയോ നിയമനങ്ങൾ നടത്തുകയോ ചെയ്തില്ല. 2016ലും യുഡിഎഫ് സർക്കാർ ‘ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ്’ എന്ന പേരിൽ തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചിരുന്നു. ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രി കെട്ടിടം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിലുള്ള വിമർശങ്ങളിലും എംസിഎ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുള്ള തടസ്സങ്ങളെയും തുടർന്നാണ് എൽഡിഎഫ് സർക്കാർ പദ്ധതി മരവിപ്പിച്ചത്.
എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി കെ മുരളീധരൻ ആരോഗ്യമന്ത്രിയായതിനെ തുടർന്നാണ് ഇന്ദിരാഗാന്ധിയുടെ പേര് മാറ്റി കരുണാകരന്റെ പേരിൽ മെഡിക്കൽ കോളേജെന്ന തീരുമാനവുമായി വീണ്ടുമെത്തിയത്. നിലവിലുള്ള ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പകരം നാലു കിലോമീറ്റർ പരിധിയിൽ രണ്ട് മെഡിക്കൽ കോളേജുകൾ കൊണ്ടുവരുന്നതിൽ ഡോക്ടർമാർക്കിടയിൽ തന്നെ വിമർശം ശക്തമാണ്. കൂടാതെ, ജനറൽ ആശുപത്രിയിലും തൈക്കാട് ആശുപത്രിയിലും സാധാരണ അസുഖങ്ങൾക്ക് ലഭിക്കുന്ന ചികിത്സ അപ്രാപ്യമാകുമോ എന്നും ആശങ്കയുണ്ട്.










0 comments