പൊലീസ് വാഹനങ്ങൾ തടഞ്ഞ് ആക്രമണം
ബിജെപി കൗൺസിലർ ചെന്പഴന്തി ഉദയന്‍ പ്രതി

വഞ്ചിയൂർ
മണ്ണന്തലയിൽ രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹനങ്ങൾ തടഞ്ഞ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ബിജെപി കൗൺസിലർ ഉൾപ്പെടെ പ്രതികൾ. കോർപറേഷനിലെ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കൂടിയായ ചെന്പഴന്തി ഉദയൻ, കൂട്ടാളി ശ്യാംചന്ദ്രൻ ഉൾപ്പെടെ ഇരുപതോളം പേർക്കെതിരെയാണ് കേസെടുത്തത്. വ്യാഴം രാത്രി 11.15-ഓടെ വയമ്പച്ചിറ കുളത്തിനുസമീപത്തായിരുന്നു സംഭവം. മണ്ണന്തല ഫെസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് സുരക്ഷാപരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. രാത്രി 11നുമുന്പേ പരിപാടികൾ അവസാനിപ്പിക്കണമെന്ന് സംഘാടകരെ അറിയിച്ചിരുന്നു. പരിപാടി അവസാനിപ്പിക്കാനാകില്ലെന്ന് ആക്രോശിച്ചുകൊണ്ടാണ് കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പേരൂർക്കട സിഐയുടെ ഔദ്യോഗികവാഹനവും മണ്ണന്തല സ്റ്റേഷൻ പട്രോളിങ് വാഹനവും തടഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പുറത്തിറങ്ങാൻ അനുവദിച്ചില്ല. അസഭ്യവർഷം നടത്തിയ സംഘം, പൊലീസുകാരെ ഭീഷണിപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതിനും പൊലീസ് കേസെടുത്തു. മുമ്പ് കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ യുഡിഎഫ് വനിതാ കൗൺസിലറെ മർദിച്ചത് ചെന്പഴന്തി ഉദയന്റെ നേതൃത്വത്തിലായിരുന്നു.










0 comments