വട്ടിയൂർക്കാവിന്റെ മൂന്നക്ഷരം വികെപി

വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്തിന്റെ റോഡ്ഷോയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ബലൂൺ പറത്തുന്നു. സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, എം വിജയകുമാർ, എ എ റഹീം തുടങ്ങിയവർ സമീപം
തിരുവനന്തപുരം: വട്ടിയൂർക്കാവിന്റെ വൈബിനൊപ്പം നിൽക്കുന്ന നാട്ടുകാരുടെ സ്വന്തം എംഎൽഎയാണ് വി കെ പ്രശാന്ത്. തലസ്ഥാനത്തിന്റെ ‘മേയർ ബ്രോ’യിൽ നിന്ന് ‘എംഎൽഎ ബ്രോ’ ആയി മാറിയ അദ്ദേഹമാണ് വട്ടിയൂർക്കാവ് മണ്ഡലത്തിൽ വീണ്ടും എൽഡിഎഫിനുവേണ്ടി മത്സരിക്കുന്നത്. ചേട്ടനായും അണ്ണനായും മകനായും നാട്ടുകാർക്കൊപ്പമുള്ള അദ്ദേഹം പുതിയ തലമുറയുടെ ‘വികെപി’യാണ്.
2019ലെ ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിന്റെ സ്ഥാനാർഥിയായി എത്തി 14,465 എന്ന ഭൂരിപക്ഷം സ്വന്തമാക്കി. 2021ൽ 21,515 എന്ന ഭൂരിപക്ഷം നൽകി ജനം നെഞ്ചേറ്റി.തിരുവനന്തപുരം മേയറായിരിക്കെ 2019 ൽ ഉപതെരഞ്ഞെടുപ്പിലൂടെയാണ് നിയമസഭയിലേക്കെത്തിയത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ കഴക്കൂട്ടം ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറിയറ്റംഗം, സിപിഐ എം കഴക്കൂട്ടം– പാളയം ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗമാണ്. ടൈറ്റാനിയം ജനറൽ ലേബർ യൂണിയൻ (സിഐടിയു) സി –ഡിറ്റ് എംപ്ലോയീസ് യൂണിയൻ, ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) എന്നിവയുടെ പ്രസിഡന്റുമാണ്. എസ് കൃഷ്ണന്റെയും ടി വസന്തയുടെയും മകൻ. ഭാര്യ: എം ആർ രാജി. മക്കൾ : ആർ പി ആലിയ, ആർ പി ആര്യൻ.
കുലശേഖരം പാലം, പേരൂർക്കട ഫ്ലൈഓവർ, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി, വട്ടിയൂർക്കാവ് ജങ്‌ഷൻ വികസനം, ജനറൽ ആശുപത്രി മാസ്റ്റർപ്ലാൻ, പട്ടം മേൽപ്പാലം, മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനം, വിവിധ തോടുകളുടെ നവീകരണം തുടങ്ങിയ എഴുന്നൂറിലധികം വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കി. മൊത്തം 1673.87 കോടി രൂപയുടെ പദ്ധതികളാണ് എംഎൽഎ ബ്രോയുടെ കൈപിടിച്ച് വട്ടിയൂർക്കാവിലേക്ക് എത്തിയത്.









0 comments