വർക്കലയിൽ വിജയിക്കാൻ ജോയി

തിരുവനന്തപുരം: വർക്കലയിൽ വി ജോയി എൽഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത് മൂന്നാംതവണ. 2016, 2021 തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി. മണ്ഡലത്തിൽ 1500 കോടിയോളം രൂപയുടെ വികസനം നടപ്പാക്കി. തീരദേശ ഗ്രാമമായ ചിറയിൻകീഴ് പെരുങ്ങുഴി അഴൂരിൽനിന്നുയർന്ന് ജില്ലയിലെ പാർടിയുടെ നേതൃത്വമായി വി ജോയി മാറി. 2016ൽ രണ്ടായിരത്തിലധികം വോട്ടുകൾക്കാണ് യുഡിഎഫിൽനിന്ന് മണ്ഡലം പിടിച്ചെടുത്തത്. രണ്ടാമൂഴത്തിൽ ഭൂരിപക്ഷം പതിനെട്ടായിരത്തിലധികം. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമാണ്. സിപിഐ എം ജില്ലാ സെക്രട്ടറിയായി പാർടിയെ നയിച്ചു.
ചെമ്പഴന്തി എസ്എൻ കോളേജിൽനിന്ന് തുടർച്ചയായി രണ്ടുവർഷം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, കേരള സർവകലാശാല യൂണിയൻ എക്സിക്യൂട്ടീവ് അംഗം, സെനറ്റ് അംഗം, എസ്എഫ്ഐ ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. രണ്ടുതവണ അഴൂർ പഞ്ചായത്ത് പ്രസിഡന്റ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ തിളങ്ങി.
കുമാരനാശാൻ സ്മാരക ഗവേണിങ് ബോർഡംഗം, പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കേരള പ്രൈമറി കോ–ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്നിങ്ങനെയും പ്രവർത്തിച്ചിട്ടുണ്ട്. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തന കാലത്ത് സമരമുഖത്തുനിന്ന് പൊലീസിന്റെ ക്രൂരമർദനങ്ങളും ഏറ്റിട്ടുണ്ട്. അഴൂർ പെരുങ്ങുഴി സൗഹൃദത്തിൽ പരേതരായ വിജയന്റെയും ഇന്ദിരയുടെയും മകനാണ്. ബിഎ, എൽഎൽബി ബിരുദധാരിയാണ്. ഭാര്യ: സുനിത. ഡോ. ആര്യ (ഹോമിയോ ഡോക്ടർ), ആർഷ (ഐടി എൻജിനിയർ) എന്നിവർ മക്കളാണ്. മരുമകൻ: അരുൺ (ഐടി എൻജിനിയർ).










0 comments