നെയ്യാറ്റിൻകരയുടെ കെ ആൻസലൻ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെ ആൻസലൻ എൽഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത് മൂന്നാംതവണ. 2016, 2021 തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടി. പതിറ്റാണ്ടുകളായി നെയ്യാറ്റിൻകരയുടെ എല്ലാ മേഖലകളിലും സജീവ സാന്നിധ്യമാണ്. നിലവിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് സജീവമായി. അവകാശപ്പോരാട്ടത്തിന്റെ ഭാഗമായി നിരവധി തവണ പൊലീസ് മർദനം ഏറ്റുവാങ്ങിയിട്ടുണ്ട്. നെയ്യാറ്റിൻകര ബോയ്സ് ഹൈസ്‌കൂളിലെ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. തുടർന്ന് ഏരിയ സെക്രട്ടറി, ജില്ലാ ഉപഭാരവാഹി, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി, സിപിഐ എം ആശുപത്രി ജങ്ഷൻ ബ്രാഞ്ച് സെക്രട്ടറി, അമരവിള ലോക്കൽ സെക്രട്ടറി, നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാനും പ്രതിപക്ഷനേതാവുമായിരുന്നു.
മണ്ഡലത്തിൽ കിഫ്ബിയിൽനിന്ന് 89 കോടി ചെലവഴിച്ച് നടപ്പാക്കുന്ന കാരോട് കുടിവെള്ള പദ്ധതിയും 26 കോടി ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ അതിയന്നൂർ കുടിവെള്ള പദ്ധതിയും പതിനായിരങ്ങൾക്ക് ആശ്വാസമാണ്. പൊഴിയൂർ ഹാർബർ നിർമാണത്തിന് 360 കോടിയാണ് ആകെ അനുവദിച്ചത്. വിദ്യാലയങ്ങളും ആശുപത്രികളും റോഡുകളം അത്യാധുനിക നിലവാരത്തിലേക്ക് ഉയർത്തി. ആശുപത്രി ജങ്ഷൻ വട്ടവിള പുത്തൻവീട്ടിൽ കരുണാകരന്റെയും തങ്കത്തിന്റെയും മകനാണ്. ഭാര്യ: പ്രമില (അധ്യാപിക). മക്കൾ: ഡോ. കാവ്യ, പി കാർത്തിക്.









0 comments