അരുവിക്കര പറയുന്നു, സ്റ്റീഫൻ തന്നെ

തിരുവനന്തപുരം: 35 വർഷക്കാലം കോൺഗ്രസിനെ വിജയിപ്പിച്ച അരുവിക്കരക്കാർ കഴിഞ്ഞതവണ എൽഡിഎഫിനൊപ്പം നിന്നു. അതിലൂടെ അവർക്ക് ലഭിച്ചത് സമാനതകളില്ലാത്ത വികസനമാണ്. അഞ്ചുവർഷംകൊണ്ട് 35 വർഷം നഷ്‌ടപ്പെട്ടതൊക്കെ തിരിച്ചുപിടിച്ച ജി സ്‌റ്റീഫൻതന്നെയാണ് ഇക്കുറിയും എൽഡിഎ-ഫിനുവേണ്ടി മത്സരരംഗത്ത്.
ബാലസംഘത്തിലൂടെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച്, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായി. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ പഠിക്കവെ 1995-–96ൽ കേരള സർവകലാശാലാ ജനറൽ സെക്രട്ടറി. വിളനിലം, മെഡിക്കൽ സമരങ്ങളിൽ പങ്കെടുത്ത് ലോക്കപ്പുമർദനവും ജയിൽവാസവും അനുഭവിച്ചു. ബാലസംഘം കാട്ടാക്കട ഏരിയ പ്രസിഡന്റ്, ജില്ലാ കമ്മിറ്റിയംഗം, എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, സിപിഐ എം കാട്ടാക്കട ലോക്കൽ സെക്രട്ടറി, ഏരിയ സെക്രട്ടറി, കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി, സെനറ്റംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.
മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ചിട്ടുണ്ട്. 1995ൽ 22–-ാം വയസ്സിൽ കന്നിയങ്കത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ചെല്ലപ്പൻ ആശാരിയെ കാട്ടാക്കട പഞ്ചായത്തിലെ കിള്ളി വാർഡിൽ 297 വോട്ടിന് തോൽപ്പിച്ചു. തുടർന്ന് വികസന ചെയർമാനും മുന്നേകാൽ വർഷം പ്രസിഡന്റുമായി. 2010ൽ 531 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിൽ വിണ്ടും പ്രസിഡന്റായി. വെള്ളനാട് ബ്ലോക്ക് വികസന സ്റ്റാൻഡിങ് -കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. ആറാം വയസ്സിൽ അമ്മയും ഒൻപതാം വയസ്സിൽ അച്ഛനും നഷ്‌ടപ്പെട്ടു. തുടർന്ന് തണലും കരുതലും നൽകിയത് പാർടിയാണ്.









0 comments