നവംബർ 26-ന് സെക്രട്ടറിയറ്റ് മാർച്ചും ധർണയും
വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കാൻ എആർയുസിടിഒ

എആർയുസിടിഒ സമരപ്രഖ്യാപന കൺവൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ വിരമിച്ച സർവകലാശാല–കോളേജ് അധ്യാപക സംഘടനകളുടെ കൂട്ടായ്മയായ ആക്ഷൻ കൗൺസിൽ ഓഫ് റിട്ടയേർഡ് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (എആർയുസിടിഒ) നവംബർ 26-ന് സെക്രട്ടറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും. വിദ്യാഭ്യാസത്തിന്റെ ജനാധിപത്യ–മതനിരപേക്ഷ അടിത്തറയും പൊതുസ്വഭാവവും അക്കാദമിക സ്വയംഭരണവും സംരക്ഷിക്കാനും വിരമിച്ച അധ്യാപകരുടെ അവകാശങ്ങൾ നേടിയെടുക്കാനുമാണ് പ്രക്ഷോഭം. ചൊവ്വാഴ്‌ച തിരുവനന്തപുരത്ത് ചേർന്ന സമരപ്രഖ്യാപന കൺവൻഷനിലാണ് തീരുമാനം. കൺവൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്തു. വി എൻ ചന്ദ്രമോഹനൻ അധ്യക്ഷനായി. ടി കെ ജി നായർ, പി ആർ പ്രിൻസ്, കെ കെ വിശ്വനാഥൻ, എ ആർ രാജൻ, എസ് രാജശേഖരൻ, കെ കെ അബ്ദുള്ള, ജെ പ്രസാദ്, എസ് സരോജാദേവി, പി എസ് ഫിറോസ്, ജി രാജീവ് തുടങ്ങിയവർ സംസാരിച്ചു. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ–പെൻഷൻ നയങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾക്കും സംസ്ഥാന സർക്കാർ യുജിസി പെൻഷൻ പരിഷ്‌കരണത്തിലും കുടിശ്ശികവിതരണത്തിലും സ്വീകരിക്കുന്ന പ്രതികൂല നിലപാടുകൾക്കുമെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താനുള്ള പ്രമേയം കൺവൻഷൻ അംഗീകരിച്ചു.









0 comments