ad
Deshabhimani

റേഷനരി ‘ബ്രാൻഡഡ്’ ആക്കാൻ
അമ്പതോളം ഗോഡൗണുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 23, 2026, 01:20 AM | 1 min read

പാറശാല

തമിഴ്നാട്ടിൽ സൗജന്യമായി നൽകുന്ന റേഷനരി തുച്ഛമായ വിലനൽകി വൻതോതിൽ ശേഖരിച്ച് ബ്രാൻഡഡാക്കി അതിർത്തി പ്രദേശത്ത് വിൽപ്പന വ്യാപകം. അമ്പതോളം അനധികൃത ഗോഡൗണുകളാണ് ഇതിനായി പ്രവർത്തിക്കുന്നത്. തമിഴ്നാട് അതിർത്തിയിലെ കളിയിക്കാവിള, ഇഞ്ചിവിള, കാരാളി പഴയറോഡ്, ഊരമ്പ്, പനച്ചമൂട്, കുഴിഞ്ഞാൻവിള, ചെങ്കവിള തുടങ്ങിയ ഭാഗങ്ങളിലാണ് അനധികൃത ഗോഡൗണുകൾ പ്രവർത്തിക്കുന്നത്. അരി വിൽപ്പനയ്‌ക്കുള്ള ലൈസൻസിന്റെ മറവിലാണ് റേഷനരി സംഭരിക്കുന്നത്. ഇവ ഇരട്ടിയിലധികം വിലയ്‌ക്ക്‌ കച്ചവടം നടത്തുന്നു. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽനിന്ന് ലോറികളിലും കാറുകളിലുമായി രാത്രിയിലാണ് വൻതോതിൽ അരി അതിർത്തിയിലെ ഗോഡൗണുകളിലെത്തിക്കുന്നത്. ഇരുചക്രവാഹനങ്ങളിൽ അരി എത്തിക്കുന്ന നിരവധി സംഘങ്ങളുമുണ്ട്. നൂറ് കിലോ അരിവരെ കൊണ്ടുവരുന്നതിന് പരിശോധന ഇല്ലാത്തതിനാൽ ഇത്തരം സംഘങ്ങൾ പകൽ സമയത്തും നിരവധി തവണ ഗോഡൗണുകളിലേക്ക് അരി എത്തിക്കുന്നു. തമിഴ്നാട്ടിൽ സൗജന്യമായി ലഭിക്കുന്ന അരി തുച്ഛമായ വിലനൽകി ഗോഡൗണുകളിലെത്തിച്ചാൽ കിലോയ്‌ക്ക് ഇരുപത് രൂപയോളം ലഭിക്കും. ഇവ കഴുകി പോളിഷ് ചെയ്ത് ബ്രാൻഡഡ് അരിയാക്കി വിവിധ ബ്രാൻഡുകളിൽ ചാക്കുകളിലാക്കിയാണ് വിൽപ്പന. ഓരോ ഗോഡൗണുകളിലും അവരുടേതായ ബ്രാൻഡുകളുടെ പേരിലുള്ള ചാക്കുകളിലേക്ക് മാറ്റുന്ന അരി അപ്പോൾത്തന്നെ യന്ത്രസഹായത്താൽ ചാക്കുകൾ തുന്നി മാറ്റുകയാണ് പതിവ്. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ പരിശോധന വെട്ടിക്കാനാണ് മണിക്കൂറുകൾക്കകം റേഷനരിയെ ബ്രാൻഡഡ് അരിയാക്കി മാറ്റുന്നത്. നിത്യേന ടൺകണക്കിന് ബ്രാൻഡഡ് അരിയാണ് അതിർത്തിയിലെ ഗോഡൗണുകളിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത്.

തട്ടിപ്പിൽ മാഫിയ സംഘങ്ങളുടെ വെട്ടിപ്പ്‌

അനധികൃത ഗോഡ‍ൗണിൽ എത്തിക്കുന്ന റേഷനരി തട്ടിയെടുക്കാനും വൻ മാഫിയ സംഘമാണ്‌ പ്രവർത്തിക്കുന്നത്‌. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽനിന്ന് അതിർത്തിയിലെ അനധികൃത ഗോഡൗണുകളിലേക്ക് കടത്തിക്കൊണ്ടുവരുന്ന റേഷനരിയെ റോഡിൽ തടഞ്ഞ്‌ തട്ടിയെടുക്കുന്നു. രാത്രിയിൽ റേഷനരിയുമായി എത്തുന്ന വാഹനങ്ങളെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി തടഞ്ഞുനിർത്തിയാണ് വാഹനമടക്കം തട്ടിയെടുക്കുന്നത്. ഇവ അനധികൃത ഗോഡൗണുകളിലേക്ക് മറിച്ചുവിറ്റ ശേഷം വാഹനം റോഡരികിൽ ഉപേക്ഷിക്കുകയാണ് പതിവ്‌. അതിർത്തി ഭാഗത്ത് ഇത്തരത്തിൽ അരി തട്ടിയെടുക്കുന്ന സംഘങ്ങൾ തമ്മിൽ നിരവധി തവണ സംഘർഷത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അനധികൃതമായി കൊണ്ടുവരുന്ന അരിയായതിനാൽ പൊലീസിൽ പരാതി നൽകാറുമില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home