ഓണാഘോഷം അപകടകരമായി
"റോഡ്‌ഷോ'യ്‌ക്ക് ചൂരലെടുത്ത് എംവിഡി

കോളേജിലെ ഓണാഘോഷത്തിനിടെ തുറന്ന ലോറിയിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്നവർ
കാക്കനാട്ഓണാഘോഷത്തിന്റെ ഭാഗമായി പൊതുനിരത്തുകളിൽ അപകടകരമായ ‘റോഡ്‌ഷോ' നടത്തിയ വിദ്യാർഥികൾക്കും വാഹനമോടിച്ചവർക്കുമെതിരെ ചൂരലെടുത്ത് മോട്ടോർ വാഹനവകുപ്പ്. ജില്ലയിലെ നാലുകോളേജുകളിലെ വിദ്യാർഥികൾക്കും അവർക്ക് കൂട്ടുനിന്നവർക്കുമെതിരെയാണ് എംവിഡി എൻഫോഴ്‌സ്‌മെന്റ് വിഭാഗം നിയമനടപടി ആരംഭിച്ചത്.
സുരക്ഷാസംവിധാനങ്ങളില്ലാത്ത തുറന്ന ലോറിയിൽ മാവേലിക്കും കരടിക്കുമൊപ്പം അപകടകരമായി നൃത്തംചവിട്ടി ഓണം ആഘോഷിച്ച അങ്കമാലിയിലെ കോളേജിലെ വിദ്യാർഥികൾക്കെതിരെയാണ് പ്രധാനനടപടി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഉദ്യോഗസ്ഥർ ഇടപെട്ടത്. സംഭവത്തിൽ വാഹനം ഓടിച്ച അങ്കമാലി സ്വദേശികളായ ഫ്രീജോ, ലോനച്ചൻ എന്നിവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നോട്ടീസ് നൽകി. ഇവരിൽനിന്ന് പിഴ ഈടാക്കുന്നതിനുപുറമെ, നിർബന്ധിത ബോധവൽക്കരണക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചു.
സമാനമായ നിയമലംഘനം നടത്തിയ ആലുവയിലെ വിദ്യാർഥികൾക്കെതിരെയും കേസെടുത്തു. മൂവാറ്റുപുഴയിൽനിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരെ കണ്ടെത്താനുള്ള പരിശോധന എൻഫോഴ്സ്മെന്റ് വിഭാഗം തുടരുകയാണ്. ഓണാഘോഷത്തിനിടെ ഹെൽമെറ്റില്ലാതെ അപകടകരമായി ബൈക്കോടിച്ച നിരവധി വിദ്യാർഥികളെയും ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവർക്കെതിരെ വരുംദിവസങ്ങളിൽ പിഴയും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കലുൾപ്പെടെയുള്ള കർശനനടപടികളും സ്വീകരിക്കുമെന്ന് ആർടിഒ ബിജു ഐസക് അറിയിച്ചു.










0 comments