കണ്ണീർക്കടലിൽ ആന്റണിയുടെ കുടുംബം

ആന്റണിയുടെ ഭാര്യയും ബന്ധുക്കളും നാട്ടുകാരും
കോവളം
ഞായർ രാവിലെവരെയും ആന്റണി മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഏകദേശം 12ഓടെയാണ് അമ്പലത്തുമൂല എന്ന മത്സ്യബന്ധന ഗ്രാമത്തെയാകെ ദുഃഖത്തിലാഴ്ത്തി ആന്റണിയുടെ മൃതദേഹം ലഭിച്ചുവെന്ന വാർത്തയെത്തിയത്. മകൻ വിബിൻ പുതുതായി വാങ്ങിയ വള്ളത്തിൽ സുഹൃത്തുക്കളായ ക്ലീറ്റസ്, മരിയദാസ് എന്നിവർക്കൊപ്പമാണ് ആന്റണി മത്സ്യബന്ധനത്തിന് പോയത്. ആന്റണിയിനി ജീവനോടെയില്ല എന്നത് ഉൾക്കൊള്ളാൻ കുടുംബത്തിന് ഇനിയും സാധിച്ചിട്ടില്ല. വെള്ളി വൈകിട്ട് നാലോടെ പണിക്കുപോയ ആന്റണി മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ രാത്രി 9.30ഓടെയാണ് വിഴിഞ്ഞം ഹാർബർ മൗത്തിൽവച്ച് അപകടത്തിൽപ്പെട്ടത്. കാറ്റിലും തിരയിലും പെട്ട വള്ളം കല്ലിൽ ഇടിച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്ന രണ്ടുപേരും നീന്തി രക്ഷപ്പെട്ടു. സാധാരണ ശനിയാഴ്ച എത്താൻ താമസിക്കുകയാണെങ്കിൽ വിളിച്ചുപറയുകയാണ് പതിവ്. എന്നാൽ, വിളിക്കാത്തതിനാൽ അങ്ങോട്ട് വിളിച്ചുനോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നെന്ന് ഭാര്യ കുഞ്ഞുമേരി പറഞ്ഞു. 7.5 ലക്ഷത്തോളം രൂപ കടംവാങ്ങി സ്വന്തമാക്കിയ വള്ളമാണ് അപകടത്തിൽ നഷ്ടപ്പെട്ടത്. വലയും നഷ്ടമായി. അടിമലത്തുറ തീരത്തുനിന്ന് ലഭിച്ച ആന്റണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തിങ്കൾ ഉച്ചയോടെ അടിമലത്തുറ ഫാത്തിമ മാതാ ചർച്ച് സെമിത്തേരിയിൽ സംസ്‌കരിക്കും. മക്കൾ: വിനു, വിജി, വിബിൻ. മരുമക്കൾ: ജെൻസി, മത്യാസ്.
അച്ഛന്റെ വരവും കാത്ത് കുരുന്നുകൾ
അഞ്ചുതെങ്ങ്
അമ്മ സ്റ്റിജി കട്ടിലിൽ കരഞ്ഞ് തളർന്ന് കിടക്കുമ്പോഴും നാലുവയസ്സുകാരൻ എബ്രിനും രണ്ടുവയസ്സുകാരൻ റാഫേലും സമീപത്ത് അമ്മയെ ചുറ്റിപ്പിടിച്ച് ഇരിപ്പുണ്ട്. അച്ഛന് എന്ത് സംഭവിച്ചെന്നുപോലും തിരിച്ചറിയാനുള്ള പ്രായം അവർക്കില്ല. അമ്മ കരയുമ്പോൾ ആശ്വസിപ്പിക്കുകയും മറ്റു ചിലപ്പോൾ കളികളിൽ മുഴുകുകയും ചെയ്യുന്ന ആ കുരുന്നുകൾ ആരെയും നൊമ്പരപ്പെടുത്തും. ഷിജിന്റെ മൂത്ത മകനായ എബ്രിന് ഹൃദയസംബന്ധമായ അസുഖമുണ്ട്. മാസം ചികിത്സയ്ക്കായി വലിയ തുക വേണം. അവന്റെ ചികിത്സയ്ക്കുള്ള ഓട്ടപ്പാച്ചിലിലായിരുന്നു ഷിജിൻ. ദുബായിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ഷിജിൻ പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നാണ് അടുത്തിടെ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയത്. തുടർന്ന് കുടുംബം പട്ടിണിയാകാതിരിക്കാനാണ് സുഹൃത്തുക്കളോടൊപ്പം മീൻപിടിത്തതിന് പോയത്. ശനിയാഴ്ചയും പതിവുപോലെ വീട്ടിൽനിന്ന് ഭക്ഷണവും പൊതിഞ്ഞെടുത്ത് മക്കൾക്ക് ഉമ്മയും കൊടുത്താണ് ഷിജിൻ പോയത്. ഷിജിൻ വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും സ്റ്റിജി. ഷിജിന്റെ അച്ഛനമ്മമാരും സഹോദരിയും 19 വർഷം മുന്പ് ഒരു അപകടത്തിൽ മരണപ്പെട്ടിരുന്നു. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതിനാൽ അവരുടെ വിയോഗശേഷം ബന്ധുക്കളുടെ തണലിലാണ് അവൻ ജീവിച്ചത്. വിവാഹശേഷം സ്റ്റിജിയുടെ വീട്ടിലായിരുന്നു താമസം.










0 comments