ad
Deshabhimani

അശാസ്‌ത്രീയം; മൃഗസംരക്ഷണം ചോദ്യമുനയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Sep 20, 2026, 12:00 AM | 1 min read

തിരുവനന്തപുരം

തിരുവനന്തപുരം മൃഗശാല മാറ്റുമെന്ന പിടിവാശിയുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ, തീരുമാനത്തിനുപിന്നിലെ അശാസ്ത്രീയതയും പ്രായോഗിക ബുദ്ധിമുട്ടുകളും ചർച്ചയാകുന്നു. ​മൃഗപരിപാലനത്തിന്റെ പേരിൽ നടത്തുന്ന നീക്കം വിരോധാഭാസമാണെന്നാണ് വെറ്ററിനറി വിദഗ്ധരുടെ വിലയിരുത്തൽ. ഭാഗികമായ മാറ്റംമാത്രമേ തിരുവനന്തപുരത്ത്‌ നടപ്പാക്കാനാകൂ. പല പക്ഷിമൃഗാദികൾക്കും പകർച്ചവ്യാധിയും അവശതയുമുള്ളതിനാൽ പൂർണമായി ഇവയെ മാറ്റാനാകില്ല. അതിനാൽ ആരോഗ്യമുള്ള മൃഗങ്ങളെമാത്രം മാറ്റിപ്പാർപ്പിച്ച് രോഗാതുരമായവയെ പഴയ ഇടത്തിൽ ഉപേക്ഷിക്കുന്നത്‌ മൃഗപരിപാലനത്തെ പ്രതികൂലമായി ബാധിക്കും. ദീർഘദൂര മാറ്റത്തിനായി മൃഗങ്ങളെ മയക്കുവെടിവച്ച് പിടികൂടുന്നത്‌ അവയുടെ ജീവനും ഭീഷണിയാകും. സസ്തനികളെ തുറന്നുവിടാമെങ്കിലും പക്ഷികളെയും ഇഴജന്തുക്കളെയും വീണ്ടും കൂട്ടിൽതന്നെ അടയ്ക്കേണ്ടി വരുന്നതും പദ്ധതിയുടെ അശാസ്ത്രീയത വെളിവാക്കുന്നു. കിലോമീറ്ററുകൾ പറക്കുന്ന പക്ഷികൾക്കായി എത്ര വലിയ കൂട് നിർമിച്ചാലും അത് ബന്ധനംതന്നെയായി ശേഷിക്കും. ലയൺസ് സഫാരി പാർക്കിന്‌ ആവശ്യമായിരുന്ന 20 ഹെക്ടർ സ്ഥലം നെയ്യാറിൽ കണ്ടെത്താനാകാത്ത അവസ്ഥയിലാണ്‌ വൻവിസ്തൃതി ആവശ്യമുള്ള മൃഗശാല മാറ്റത്തിന് സർക്കാർ മുതിരുന്നത്. നെയ്യാർ തീരപ്രദേശത്ത്‌ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കഴിയുന്ന ജീവികളെപോലും വീണ്ടും കൂടുകളിലേക്ക് തളച്ചിടാനും നീക്കം കാരണമാകും. ​സഫാരി മാതൃകയിലേക്ക് മാറ്റുന്നതോടെ നിലവിലുള്ള കൃത്യമായ ക്ലോസ്‌ഡ് ഒബ്‌സർവേഷനും രോഗനിരീക്ഷണവും നിലയ്ക്കും. എപ്പിഡെമിക്‌ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പകർച്ചവ്യാധികളെ മുൻകൂട്ടി പ്രതിരോധിക്കാനും ചികിത്സ നൽകാനുമുള്ള സംവിധാനം ഇല്ലാതാകുന്നത് മൃഗങ്ങളുടെ ആരോഗ്യനിലയും താറുമാറാക്കും. കൃത്യമായ പഠനം നടത്താതെയുള്ള തീരുമാനങ്ങൾ നിലവിലുള്ള ജീവികളുടെ ആരോഗ്യസ്ഥിതികൂടി തകർക്കുന്ന അവസ്ഥയിലാകും കാര്യങ്ങളെത്തിക്കുകയെന്നും വെറ്ററിനറി ഡോക്‌ടർമാർ ചൂണ്ടിക്കാട്ടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home