അനീഷും കുടുംബവും നന്ദികേശ ശിൽപ്പവുമായി
ഒരുമയുടെ പതാകവാഹകരായി പുതുതലമുറ

ജയൻ ഇടയ്‌ക്കാട്
Published on Sep 20, 2026, 12:08 AM | 2 min read
കൊല്ലം
എണ്ണമറ്റ സമരകാഹളങ്ങൾ മുഴങ്ങിയ ചരിത്രഭൂമികയിൽ ഒരുമയുടെ പതാകവാഹകരായി പുതുതലമുറ. കൊല്ലത്തെ വിദ്യാർഥിഹൃദയങ്ങളിലെ എസ്‌എഫ്‌ഐയുടെ സ്ഥാനം കഴിഞ്ഞ ദിവസം നടന്ന സ്‌കൂൾ, കോളേജ് തെരഞ്ഞെടുപ്പുകൾ വീണ്ടും തെളിയിച്ചു. സോഷ്യലിസമാണ് ഭാവി, മതനിരപേക്ഷതയാണ് കരുത്ത് എന്നതായിരുന്നു എസ്‌എഫ്‌ഐ മുന്നോട്ടുവച്ച മുദ്രാവാക്യം. വിവിധ ക്യാമ്പസുകളിലേക്ക് ആറ് വിഭാഗങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇതിനകം നാലുഘട്ടം പിന്നിട്ടു. ജില്ലയിൽ പൊതു വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള 118 സ്കൂൾ, കേരള സർവകലാശാലയ്‌ക്ക് കീഴിലുള്ള 18ആർട്‌സ് ആൻഡ് സയൻസ് കോളേജ്, കേരള ആരോഗ്യസർവകലാശാലയിലെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജും രണ്ട് നഴ്‌സിങ് കോളേജും സാങ്കേതിക വിദ്യാഭ്യാസവകുപ്പിലെ മൂന്ന് പോളിടെക്‌നിക് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ 13കോളേജിലും വ്യവസായ പരിശീലന വകുപ്പിനു കീഴിലെ 11 ഐടിഐകളിലുമാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. സ്‌കൂളുകളിൽ 104 ഇടത്ത് ഇത്തവണ എസ്‌എഫ്‌ഐ വിജയിച്ചു. രണ്ട് സ്‌കൂൾ കെഎസ്‌യുവിൽനിന്നും എബിവിപി, എഐഎസ്‌എഫ് എന്നിവയിൽനിന്ന് ഓരോ സ്‌കൂളും പിടിച്ചെടുത്തത് വിജയത്തിന് തിളക്കമേറ്റി. കോളേജ് യൂണിയനുകളിൽ 12എണ്ണത്തിന്റെയും ഭരണസാരഥ്യം എസ്‌എഫ്ഐക്ക് ലഭിച്ചു. ഇതിൽ എട്ടിടത്ത് എതിരില്ല. ക്യാമ്പസുകൾ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങളെ പൊലീസ് മർദനത്തിലും കള്ളക്കേസുകളിലും തളർത്താമെന്നു കരുതിയവർക്ക് ഉശിരൻ മറുപടി നൽകി വിദ്യാർഥിസമൂഹം നക്ഷത്രാങ്കിത ശുഭ്രപതാക നെഞ്ചേറ്റി. പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് ഭരണം തിരിച്ചുപിടിച്ചും കൊട്ടാരക്കര ഐഎച്ച്‌ആർഡി കോളേജിൽ ചെയർമാൻ, മാഗസിൻ എഡിറ്റർ സ്ഥാനങ്ങൾ എഐഎസ്‌എഫിൽനിന്ന് പിടിച്ചെടുത്തും കരുത്ത് കാട്ടി. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ്, പാരിപ്പള്ളി ഗവ. നഴ്‌സിങ് കോളേജ്, സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് (സീപാസ്) നഴ്‌സിങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളിലും എസ്‌എഫ്‌ഐ വൻ വിജയം നേടി. പോളിടെക്‌നിക്കുകളിൽ പുനലൂർ ഗവ. പോളിടെക്‌നിക്കിലും കൊട്ടിയം എസ്‌എൻ പോളിടെക്‌നിക്കിലും എസ്‌എഫ്‌ഐ വെന്നിക്കൊടി നാട്ടി. ശൂരനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, ശാസ്‌താകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ഡിബി കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളേജ് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിനിടെ പൊലീസ് സഹായത്തോടെ കെഎസ്‌യു നടത്തിയ അക്രമശ്രമങ്ങളെ വിദ്യാർഥികൾ ചെറുത്തു. ജില്ലയിലെ ക്യാമ്പസുകളിൽ വർഗീയ രാഷ്ട്രീയത്തിന് പ്രവേശനം നിഷേധിച്ചുകൊണ്ട് അവിടെയെല്ലാം മതനിരപേക്ഷതയുടെ കൊടി പറക്കുന്നതിന് കാരണം എസ്‌എഫ്‌ഐയുടെ സാന്നിധ്യമാണ്. കൊല്ലത്തെ ക്യാമ്പസുകളിൽ വിദ്യാർഥികൾ പതിറ്റാണ്ടുകളായി നടത്തുന്ന രാഷ്ട്രീയമായ ചെറുത്തുനിൽപ്പിന്റെ ചരിത്രത്തിനൊപ്പമാണ് പുതുതലമുറയുടെ യാത്ര.










0 comments