ad
Deshabhimani

ഓച്ചിറ കാളകെട്ടുത്സവം

നന്ദികേശ ശിൽപ്പവുമായി കുടുംബം

അനീഷും കുടുംബവും നന്ദികേശ ശിൽപ്പവുമായി

അനീഷും കുടുംബവും നന്ദികേശ ശിൽപ്പവുമായി

avatar
സുരേഷ്‌ വെട്ടുകാട്ട്‌

Published on Sep 20, 2026, 12:07 AM | 1 min read

കരുനാഗപ്പള്ളി

ഓച്ചിറ കാളകെട്ടുത്സവ ത്തിന്റെ ഓർമ മനസ്സിൽ കൊണ്ടുനടന്ന ഒരു കുടുംബം സ്വന്തമായി നിർമിച്ച നന്ദികേശ ശില്‍പ്പമാണ് ഇത്തവണ ശ്രദ്ധേയമാകുന്നത്. ക്ലാപ്പന സെന്റ് ജോസഫ് സ്കൂളിന് സമീപം നന്ദനംവീട്ടിൽ അനീഷും കുടുംബവും ചേർന്ന് നിർമിച്ച നന്ദികേശന്മാരെയാണ് ഇത്തവണ ഓച്ചിറയിലേക്ക് എഴുന്നള്ളിക്കുന്നത്. പ്രവാസിയായിരുന്നു അനീഷ്. ലീവിന് നാട്ടിൽ വന്നപ്പോഴാണ് ഏഴു വയസ്സുകാരനായ ഏക മകൻ ആരവ് എന്ന നന്ദു ഓച്ചിറയിലേക്ക് ഒരു കുഞ്ഞുകാളയെ ഉണ്ടാക്കാൻ നടത്തുന്ന ശ്രമം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മകന് ആവശ്യമായ സഹായം നൽകി. കഴിഞ്ഞവർഷം കുഞ്ഞുകാളയുമായി ആരവ് ഓച്ചിറയിൽ എത്തിയത് കൗതുകക്കാഴ്ചയായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ സ്വന്തമായി ഒരു നന്ദികേശ ശില്‍പ്പം ഉണ്ടാക്കണമെന്ന ആഗ്രഹം അനീഷിനും ഉണ്ടായി. അങ്ങനെയാണ് നന്ദികേശന്മാരുടെ നിർമാണം ആരംഭിക്കുന്നത് ആറുമാസം എടുത്താണ് ശിൽപ്പം പൂർത്തിയാക്കിയത്. രണ്ടു തട്ടുകളായി മൂന്നടിയിലും അഞ്ച് അടിയിലുമായി രണ്ട് ജോഡി കാളകളും കഴിഞ്ഞവർഷം മകൻ നിർമിച്ച കുഞ്ഞുകാളയും ചേർത്തുള്ള ശില്‍പ്പമാണിത്. ഏറെ നാൾ നിലനിൽക്കണം എന്നുള്ളതുകൊണ്ട് മഹാഗണിയാണ് നിർമാണത്തിനായി ഉപയോഗിച്ചത്. ചട്ടം നിർമാണത്തിനും മറ്റും അച്ഛന്‍ കൈലാസന്റെയും സഹായമുണ്ടായി. പെയിന്റിങ് അനീഷ് തന്നെയാണ് നിർവഹിച്ചത്. നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ മകൻ ആരവും ഭാര്യ അജിനിരാജും അമ്മ പ്രേമലതയും സഹായങ്ങളുമായി ഒപ്പം കൂടി. മകന്റെ ആഗ്രഹപ്രകാരം നന്ദികേശൻമാർക്ക് രുദ്ര എന്നാണ് പേര് നൽകിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home